
തിരുവനന്തപുരം: കെ റെയില്‍ (K Rail) പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്(Geevarghese Coorilos). ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പശ്ചിമ ഘട്ടത്തെ (western Ghats) ഇല്ലാതാക്കുന്ന ഈ പദ്ധതി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പദ്ധതി ചെറിയ വരേണ്യ വര്‍ഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യൂ. നിലവിലെ പാത ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ ആക്കി സിഗ്‌നല്‍ലിങ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ സമയം ഒത്തിരി ലഭിക്കാം എന്നിരിക്കെ യാതൊരു ആവശ്യവും ഇല്ലാത്തതും അനേക ലക്ഷം ജനങ്ങളെ സ്വന്തം വീട്ടില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താകുന്ന, പരിസ്ഥിതിക്കു വിനാശം ഉണ്ടാക്കുന്ന ഈ പദ്ധതി സര്‍വ വിനാശം സൃഷ്ടിക്കും. മഹാ പ്രളയങ്ങളില്‍ നിന്നു പോലും പാഠം പഠിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന കെ റെയില്‍ പദ്ധതിക്കെതിരെ ഇന്ന് നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
കെ റെയിലിനെതിരെ വിവിധ സംഘടനകളള്‍ സംയുക്ത സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. പ്രകടനത്തില്‍ 11 ജില്ലകളില്‍ നിന്നുമുള്ള കുടിയിറക്കപ്പെടുന്നവരും എത്തി.
കെ റെയില്‍ പദ്ധതിക്കെതിരെ നേരത്തെ തന്നെ യുഡിഎഫും ബിജെപിയും എതിര്‍പ്പ് ശക്തമാക്കിയിരുന്നു. കെ റെയില്‍ പദ്ധതിയെന്നാല്‍ കമ്മീഷന്‍ റെയില്‍ പദ്ധതിയെന്നാണെന്നും ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
കെ റെയില്‍ വലിയ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോള്‍ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം.
ഗീവര്‍ഗീസ് കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ്
കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ ഇന്ന് നടന്ന സെക്രെട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ഈ ജന വിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി വഴി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുന്ന ഈ പദ്ധതി ഒരു ചെറിയ വരേണ്യ വര്‍ഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യൂ. നിലവിലെ പാത ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ ആക്കി സിഗ്‌നല്‍ലിംഗ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ സമയം ഒത്തിരി ലഭിക്കാം എന്നിരിക്കെ യാതൊരു ആവശ്യവും ഇല്ലാത്തതും, അനേക ലക്ഷം ജനങ്ങളെ സ്വന്തം വീട്ടില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താകുന്ന, പരിസ്ഥിതിക്കു വിനാശം ഉണ്ടാക്കുന്ന ഈ പദ്ധതി സര്‍വ വിനാശം സൃഷ്ടിക്കും. മഹാ പ്രളയങ്ങളില്‍ നിന്നു പോലും പാഠം പഠിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam