
കേരളം മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മൂന്ന് മുന്നണികളയും ഏറ്റവും കൂടുതൽ കുഴപ്പിക്കുന്നത് സീറ്റ് വിഭജനം മാത്രമല്ല, മറിച്ച് ജെൻ സി യുവതലമുറ എങ്ങനെ ചിന്തിക്കും എന്നത് കൂടിയാണ്. സാങ്കേതികവിദ്യയുടെ വിരൽത്തുമ്പിൽ വളർന്ന ഈ തലമുറയുടെ വോട്ടുകള്‍ എങ്ങനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാം എന്ന ആലോചനയിലാണ് എൽഡിഎഫും യുഡിഎഫും എൻഡിഎയും. 2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ പോകുന്ന ഏകദേശം 4.24 ലക്ഷം വോട്ടർമാർ ഈ ജെൻ സികളാണ്. വെറുമൊരു വോട്ട് ബാങ്ക് എന്നതിലുപരി, ജെൻ സി പ്രതിനിധികളെ ആകര്‍ഷിച്ച് യുവാക്കളുടെ വോട്ട് ഉറപ്പിക്കുക എന്ന തന്ത്രത്തിനാണ് ഇത്തവണ പ്രാധാന്യം. എന്നാൽ, കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും റെഡിയായ പഴയ കാല കേഡർമാരെപ്പോലെയല്ല ഈ തലമുറയെന്ന് രാഷ്ട്രീയ ചാണക്യന്മാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പഴയകാലത്ത് പാർട്ടി ചിഹ്നം നോക്കി വോട്ട് ചെയ്യുന്ന രീതിയായിരുന്നു നിലനിന്നിരുന്നതെങ്കിൽ, ജെൻ സി വോട്ടർമാർ സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിനും അവർ ഉയർത്തുന്ന നിലപാടുകൾക്കുമാണ് മുൻഗണന നൽകുന്നത്. രാഷ്ട്രീയ പാർട്ടികളുടെ കടുപ്പമേറിയ പ്രത്യയശാസ്ത്രങ്ങളേക്കാൾ പരിസ്ഥിതി, ലിംഗസമത്വം, തൊഴിലവസരങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ സ്ഥാനാർത്ഥിക്ക് എന്ത് പറയാനുണ്ട് എന്നാണ് അവർ നോക്കുന്നത്. ഇതുകൊണ്ടുതന്നെ, സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ മുന്നണികൾ നിർബന്ധിതരായിരിക്കുന്നു. വെറുതെ ഒരാളെ സ്ഥാനാർത്ഥിയായി കൊണ്ടുവന്നതുകൊണ്ട് കാര്യമില്ലെന്നും, ആ മുഖത്തിന് സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും കൃത്യമായ സ്വാധീനമുണ്ടായിരിക്കണമെന്നും പാർട്ടികൾ കണക്കുകൂട്ടുന്നു. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർമാരെയും, സിനിമ താരങ്ങളെയും ആക്ടിവിസ്റ്റുകളെയും സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത് ഈ മാറ്റത്തിന്റെ സൂചനയാണ്.
കവല പ്രസംഗങ്ങളും ചുവരെഴുത്തുകളും ഇന്നും പ്രസക്തമാണെങ്കിലും, ജെൻ സിയുടെ ലോകം സ്മാർട്ട്‌ഫോണുകളിലാണ്. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള റീൽസുകളിലൂടെ വോട്ടർമാരിലേക്ക് എത്തുന്ന സ്ഥാനാർത്ഥികളാണ് ഇത്തവണ തരംഗമാകുന്നത്. തങ്ങളുടെ ദൈനംദിന ജീവിതം, ലളിതമായ വസ്ത്രധാരണം, ജനങ്ങളുമായുള്ള സ്വാഭാവികമായ ഇടപെടലുകൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിലൂടെ തത്സമയം പങ്കുവെച്ച് അവർ വോട്ടർമാരുമായി ഒരു പേഴ്സണൽ കണക്ട് ഉണ്ടാക്കിയെടുക്കുന്നുണെന്നും പറയാം. ബിജെപി ഇതിനോടകം തന്നെ 'വികസിത് കേരളം' തുടങ്ങിയ ക്യാമ്പയിനുകളിലൂടെ യുവാക്കളെ ലക്ഷ്യം വെക്കുന്നുണ്ട്. മറുവശത്ത്, ഇടത് മുന്നണിയും യുഡിഎഫും ഇതിൽ ഒട്ടും പിന്നിലല്ല, പൂക്കി വൈബിലാണ് പലരും..
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മൂഴുവനും ജെൻ സി മയമായിരുന്നു. പല ജെൻ സി സ്ഥാനർത്ഥികളും പഞ്ചായത്ത് പ്രസിഡന്റുമാരും മേയർമാരുമായത് കേരളം കണ്ടതാണ്. തൊഴിലില്ലായ്മയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ വിഷയങ്ങളിൽ കൃത്യമായ പരിഹാരം നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് മാത്രമേ ജെൻ സിയുടെ മനസ് കീഴടക്കാൻ കഴിയൂ. വെറും വാഗ്ദാനങ്ങൾ നൽകിയാൽ വിശ്വസിക്കുന്നവരല്ല പുതിയ തലമുറയെന്ന് മുന്നണികൾ തിരിച്ചറിയുന്നു. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായ കാലത്ത് സ്ഥാനാർത്ഥികളുടെ പഴയകാല ചരിത്രവും നിലപാടുകളും അവർ നിമിഷനേരം കൊണ്ട് പരിശോധിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ജെൻ സി ഒരു നിർണ്ണായക ശക്തിയായി മാറുമ്പോൾ, ഓരോ പാർട്ടിയും തങ്ങളുടെ തന്ത്രങ്ങൾ പുതുക്കിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതോടെ ഈ ഡിജിറ്റൽ പോരാട്ടം എത്രത്തോളം ശക്തമാണെന്ന് നമുക്ക് കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam