
തൃശൂര്‍: മീനച്ചൂടിന്റെ രാവുകള്‍ രാമക്കഥയുടെ രാവുകളാക്കി മാറ്റുന്ന നെല്ലുവായ് മുല്ലക്കല്‍ ക്ഷേത്രത്തില്‍ തോല്‍പ്പാവക്കൂത്ത് ആരംഭിച്ചു. മീനമാസം ഒന്നാം തീയതി ഞായറാഴ്ച രാത്രി ക്ഷേത്രത്തില്‍ കൂറയിട്ടു. എല്ലാ മലയാളമാസവും മീനം ഒന്നാം തീയതിയാണ് ഇവിടെ തോല്‍പ്പാവക്കൂത്ത് കൊടിയേറുന്നത്. നൂറ്റാണ്ടുകളായി പഴക്കമുള്ള ഈ ക്ഷേത്രത്തിലെ കൂത്തുമാടത്തിലാണ് തോല്‍പ്പാവ് കൂത്ത് ഇപ്പോഴും നടന്നുവരുന്നത്. മുമ്പ് ഇവിടെ തോല്‍പ്പാവക്കൂത്ത് നടത്തിവന്നിരുന്നത് കിള്ളിമംഗലം ഉണ്ണികൃഷ്ണനും സംഘവും ആയിരുന്നു. ഇദ്ദേഹത്തിന് മുന്നേ ഇദ്ദേഹത്തിന്റെ പിതാവ് കിള്ളിമംഗലം രാമന്‍ നായരും അതിനു മുന്നേ അദ്ദേഹത്തിന്റെ പൂര്‍വികരുമായിരുന്നു നടത്തിവന്നിരുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൗരാണികമായ ഈ ക്ഷേത്ര കലാരൂപം ഇപ്പോള്‍ ഇവിടെ നടത്തിവരുന്നത് കൂനത്തറ ലക്ഷ്മണ പുലവരും സംഘവുമാണ്.
തോല്‍പ്പാവക്കൂത്തില്‍ ഏറെ പ്രാധാന്യമുള്ള കമ്പ രാമായണത്തിലെ യുദ്ധകാണ്ഡം എന്ന കഥാ വിഭാഗമാണ് അവതരിപ്പിച്ചു വരുന്നത്. തമിഴും മലയാളവും കലര്‍ന്ന ഭാഷാശൈലിയിലാണ് തോല്‍പാവ കൂത്ത് അവതരണം. യുദ്ധകാണ്ഡത്തിലെ കുംഭകര്‍ണവധം, അധികായവധം, ഇന്ദ്രജിത്ത് വധം, രാവണവധം, ശ്രീരാമ സീതാ പട്ടാഭിഷേകം എന്നീ ശ്രദ്ധേയമായ ഭാഗങ്ങളും അവതരിപ്പിക്കും. ദിവസവും രാത്രി 10 മുതലാണ് കൂത്ത് തുടങ്ങുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ വരെ നീളും. ക്ഷേത്രം കീഴ് കാവിലെ ഉത്സവമാണ് തോല്‍പ്പാവക്കൂത്ത്. കൂത്തുദിവസം വൈകുന്നേരങ്ങളില്‍ ക്ഷേത്രത്തില്‍ കലം കരിക്കല്‍ ഭക്തജനങ്ങളുടെ പ്രധാന വഴിപാടാണ്. കൂടാതെ കൂത്തില്‍ പേരും നാളും നല്‍കി നാടകം കഴിക്കല്‍ എന്നൊരു പ്രധാന വഴിപാടുമുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വകയായി ഏഴു ദിവസവും ഭക്തജനങ്ങളുടെ വകയായി വഴിപാട് കൂത്തുകളും, കുട്ടഞ്ചേരി, മുരിങ്ങത്തേരി, നെല്ലുവായ് എന്നീ ദേശങ്ങളുടെ വകയായി ദേശക്കൂത്തുകളും നടക്കും. കൂത്ത് താലപ്പൊലിയോടെ കിഴക്കാവിലെ ഈ ഉത്സവം സമാപിക്കും. കേരള ഫോക് ലോര്‍ അക്കാദമിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും, തൃശ്ശൂര്‍ ജില്ലയില്‍ തോല്‍പ്പാവക്കൂത്തിന് വേണ്ട പ്രോത്സാഹനം നല്‍കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam