
തിരുവനന്തപുരം: ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകൾക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്സഡ് സ്കൂളുകൾ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിർദ്ദേശിച്ചാൽ മാത്രം മിക്സഡ് സ്കൂളുകളാക്കി മാറ്റും. സംസ്ഥാന സ്കൂൾ കലാമേള ജനുവരിയിൽ കോഴിക്കോട് നടത്താനും തീരുമാനിച്ചു. നവംബറിൽ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കായികമേള.
സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിൽ നിർദേശം ഉയർന്നിരുന്നു. ആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജൻഡർ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദേശം മുന്നോട്ടുവച്ചത്. ലിംഗ നീതിക്കായി ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദേശം.
എസ്‍സിഇആർടി (SCERT) തയ്യാറാക്കിയ കരട് റിപ്പോർട്ടിലാണ് ഈ നിർദേശം മുന്നോട്ടു വച്ചത്.
ഇതിനുപിന്നാലെ ലിംഗസമത്വ യൂണിഫോം എന്ന നിർദേശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ.മുനീർ രംഗത്തെത്തിയിരുന്നു. ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുനീർ ആരോപിച്ചു. പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിച്ചിരുന്നു.
പ്രസംഗം വിവാദമായപ്പോൾ മുനീർ തിരുത്തിയിരുന്നു. ലിംഗ സമത്വത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് എം.കെ.മുനീർ പറഞ്ഞു. എംഎസ്എഫ് വേദിയിലെ പ്രസംഗത്തിലെ തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അർഥത്തിൽ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിൽ ആയിരുന്നില്ല പറഞ്ഞതെന്നും എം.കെ.മുനീർ വിശദീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam