കോൺ​ഗ്രസിൻ്റെ അതിജീവനത്തിന് തലമുറമാറ്റം അനിവാര്യം: ഷാഫി പറമ്പിൽ

By Asianet MalayalamFirst Published May 22, 2021, 12:52 PM IST
Highlights

കോൺ​ഗ്രസിൽ അടിമുടി പുനസംഘടന അത്യാവശ്യമാണ്. ഭാവിയിലേക്കുള്ള നിക്ഷേപമായിരിക്കണം ഇനിയുള്ള തീരുമാനങ്ങൾ എന്നും ഷാഫി പറമ്പിൽ 

പാലക്കാട്: കോൺ​ഗ്രസ് പാർട്ടിയുടെ അതിജീവനത്തിന് തലമുറമാറ്റം അനിവാര്യമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഒറ്റവരി പ്രമേയത്തിനപ്പുറം കാര്യങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്താനായി എന്നാണ് ഇപ്പോൾ തെളിയുന്നത്.  

തലമുറ മാറ്റം പാർട്ടിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മുന്നണിയിലേയും പാർട്ടിയിലേയും എല്ലാവരുടേയും സഹകരണം ഉറപ്പാക്കാൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ശ്രമിക്കണമെന്നും എല്ലാവരും സതീശനോട് സഹകരിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോൺ​ഗ്രസിൽ അടിമുടി പുനസംഘടന അത്യാവശ്യമാണ്. ഭാവിയിലേക്കുള്ള നിക്ഷേപമായിരിക്കണം ഇനിയുള്ള തീരുമാനങ്ങൾ എന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. 

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ എംഎൽഎമാരുടേയും മറ്റുനേതാക്കളുടേയും അഭിപ്രായം തേടിയപ്പോൾ കോൺ​ഗ്രസിലെ യുവഎംഎൽഎമാരും യൂത്ത് കോൺ​ഗ്രസും കെ.എസ്.യുവും വിഡി സതീശൻ്റെ പേരാണ് മുന്നോട്ട് വച്ചത്. ഇന്ന് ദില്ലിയിൽ നടന്ന ചർച്ചകളിലും ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന വാദം ഉയർന്നെങ്കിലും പാർട്ടിയിൽ തലമുറ മാറ്റം വരട്ടേയെന്ന് രാഹുൽ ​ഗാന്ധി നിലപാട് സ്വീകരിച്ചതാണ് വിഡി സതീശൻ്റെ വരവിന് കളമൊരുക്കിയത്. 

click me!