
തിരുവനന്തപുരം: മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച കേരളത്തിനുള്ള പരിഗണനയ്ക്കും അപ്പുറത്ത് ദേശീയ തലത്തിൽ തന്നെ ബിജെപി ഉയർത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോർജ്ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്. ക്രൈസ്തവ വിഭാഗത്തിന് ബിജെപിയോട് അനുഭാവം ഉണ്ടാക്കും വിധം രാജ്യത്തുടനീളം നടത്തി വന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കേന്ദ്രമന്ത്രി പദവി.
ബിജെപി ഉണ്ടായ കാലം മുതൽ കോട്ടയത്തുകാരൻ ജോർജ്ജ് കുര്യൻ ബിജെപിക്കാരനാണ്. പാർട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ. നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം. നിലക്കൽ സമരകാലത്ത് സഭയ്ക്കകത്തുനിന്നും പുറത്ത് നിന്നും മാത്രമല്ല കുടുംബത്തിൽ നിന്ന് പോലും നേരിട്ട വെല്ലുവിളികളെ അതിജീവിച്ചായിരുന്നു യുവമോർച്ചയിലേക്കുള്ള വളർച്ച. ഒ രാജഗോപാൽ കേന്ദ്ര സഹമന്ത്രിയായപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി ദില്ലിയിലെത്തി. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിർണ്ണായക ചുമതലകൾ വഹിച്ചു.
ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത ജോർജ്ജ് കുര്യൻ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവർത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്. മണിപ്പൂർ കലാപം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രതിസന്ധിയായപ്പോഴൊക്കെ ശക്തമായ പ്രതിരോധം തീർത്തു. അധികാരത്തർക്കത്തിലും സംസ്ഥാന ബിജെപിയിൽ മാറി മറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിലും പക്ഷം പിടിക്കാൻ പോയില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ജോർജ്ജ് കുര്യൻ ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള പാനലിലെ അംഗം കൂടിയാണ്.
രാമജന്മഭൂമി പ്രശ്നം അടക്കം ബിജെപിയുടെ തീവ്ര നിലപാടുകളെ എല്ലാക്കാലത്തും ശക്തമായി പിന്തുണയ്ക്കുന്ന, അതിശക്തമായി ന്യായീകരിക്കുക്കുന്ന, ജോർജ്ജ് കുര്യൻ ആർഎസ്എസിനും അത്രമേൽ പ്രിയപ്പെട്ട ന്യൂനപക്ഷ നേതാവാണ്. ഒരു സീറ്റിലെ വിജയം മാത്രമല്ല കേരളത്തിലെ ബിജെപിയുടെ മെച്ചപ്പെട്ട പ്രകടനത്തിൽ ക്രൈസ്തവ വിഭാഗത്തിനുള്ള സ്വാധീനവും സഭയെ സംഘടനയോട് അടുപ്പിക്കുന്നതിൽ ജോർജ്ജ് കുര്യൻ വഹിച്ച പങ്കും എല്ലാം പരിഗണിച്ചാണ് മൂന്നാം മോദി സർക്കാരിലെ മന്ത്രി പദവി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam