
എറണാകുളം: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മോന്‍സനെതിരെയുള്ള ( Monson Mavunkal ) പോക്സോ ( Pocso ) കേസിലെ പരാതിക്കാരി. കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിപ്പെട്ട പെണ്‍കുട്ടി മജിസ്ട്രേറ്റിനെയും ഇക്കാര്യം അറിയിച്ചു. മോന്‍സനെതിരെയും മേക്കപ്പ്മാന്‍ ജോഷിക്കെതിരെയും രണ്ട് പോക്സോ കേസുകളാണ് നിലവിലുള്ളത്. ഈ കേസുകളില്‍ രഹസ്യമൊഴി നല്‍കാന്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മജിസട്രേറ്റ് കോടതിയില്‍ എത്താനായിരുന്നു നിര്‍ദ്ദേശം.
ഇതിന് മുമ്പ് വൈദ്യപരിശോധനയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തിനാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയി. പന്ത്രണ്ടേ മുക്കാലിന് കളമശ്ശേരിയില്‍ എത്തി. ഒരു മണിക്ക് ആന്‍റിജന്‍ പരിശോധന നടത്തി. തുടര്‍ന്ന് ഗൈനക്ക് ഒപിയിലെത്താന്‍ നിര്‍ദ്ദേശിച്ചു. ആര്‍ത്തവമായതിനാല്‍ വൈദ്യപരിശോധന ഇന്ന് സാധ്യമല്ല എന്ന് കാട്ടി ഡോകടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയാവും. എന്നാല്‍ രണ്ടേകാല്‍ മണിവരെ ഒരു പരിശോധനയം നടത്തിയില്ല. മൂന്ന് മണിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമെഴി നല്‍കാന്‍ എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരും പെണ്‍കുട്ടിയുടെ ബന്ധുവും ഡോക്ടര്‍മാരെ അറിയിച്ചു.
പിന്നീട് മൂന്ന് ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് തന്നെ ഡോക്ടര്‍മാര്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മോന്‍സന്‍റെ വീട്ടില്‍ അമ്മയുടെ കൂടെ പോകേണ്ട കാര്യമെന്തായിരുന്നുവെന്നും അച്ഛനുമായി നിങ്ങള്‍ സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടര്‍മാര്‍ ചോദിച്ചതായാണ് പെണ്‍കുട്ടി പറഞ്ഞത്. നല്ല കുടുംബമാണ് മോന്‍സന്‍റേത് എന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ പൊലീസിന് കൊടുത്ത മൊഴി ഉള്‍പ്പടെ പെണ്‍കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചു. ഇതിനിടെ ഭക്ഷണവുമായി എത്തിയ ബന്ധു കോടതിയില്‍ പോകേണ്ട കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ബലമായി വാതല്‍ തള്ളിതുറന്ന് ഇരുവരും പുറത്തേക്കോടി.
തുടര്‍ന്ന് കോടതിയിലെത്തി നടന്ന കാര്യങ്ങള്‍ മുഴുവന്‍ മജിസ്ട്രേറ്റിനെ ധരിപ്പിച്ചു. മജിസ്ട്രറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റഷനില്‍ എത്തി പരാതിപ്പെട്ടു. വനിതാ പൊലീസ് ഇല്ലാത്തിനാല്‍ ഇന്ന് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ തിരിച്ചയച്ചു. പരിശോധനയ്ക്കിടെ പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് ഡോക്ടര്‍മാരും ഫോണില്‍ പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. അറിയേണ്ട കാര്യങ്ങള്‍ മാത്രമേ പരിശോധനയ്ക്കിടെ ചോദിച്ചിട്ടുള്ളു എന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ മോന്‍സന് എതിരെ ഒരു പീഡനക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മുന്‍ ജീവനക്കാരിയാണ് ഇതിലെ പരാതിക്കാരി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam