
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് മുൻകൂറായി നൽകിയ തുക തിരിച്ചുകിട്ടിയിട്ടില്ലെന്ന് സ്പെഷ്യൽ കമ്മീഷണര്‍ റിപ്പോര്‍ട്ട്. എന്നാൽ, സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്‍റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ മറുപടി നൽകിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന് ഇത്തരത്തിൽ മറുപടി നൽകിയത്. ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുൻകൂറായി നൽകിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സർക്കാർ യഥാർത്ഥ വിവരം സഭയിൽനിന്ന് മറച്ചാണോ മറുപടി നൽകിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
സ്പെഷ്യൽ കമ്മീണഷറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്ത്രിയുടെയും സര്‍ക്കാരിന്‍റെയും വാദമാണ് പൊളിയുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ കണക്കിൽ അടിമുടി ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഭക്ഷണത്തിൽ അടക്കം കണക്കിൽ ഒട്ടേരെ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി എസ് ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. ഹോട്ടൽ ബില്ലുകളിൽ പലതിലും ജി എസ് ടി നമ്പർ ഇല്ല. അതിനാൽ ഇൻപുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികൾക്ക് എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടു. വി ഐ പി ഏരിയയിൽ ഭക്ഷണം വിളമ്പിയതിനും കണക്കിൽ പെടുത്താത്ത തുക ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം മുൻകൂറായി നൽകിയ രണ്ടു കോടി സ്പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെന്നും രണ്ടു കോടിയുടെ സ്പോണ്‍സര്‍ ആരെന്നതിൽ അവ്യക്തതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മന്ത്രി വിഎൻ വാസവൻ പ്രതികരിച്ചില്ല. എല്ലാം ദേവസ്വം ബോര്‍ഡ് വിശദീകരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാൻ മന്ത്രി തയ്യാറായില്ല.
നടത്തിപ്പിൽ ഗുരുതര ക്രമക്കേട്
ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊരാളുങ്കലിന്‍റെ സഹസ്ഥാപനമായ ഇവന്‍റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകയ്ക്ക് കരാര്‍ നൽകിയത്. കണക്കുകളിൽ ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നൽകിയതിൽ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകൾ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകൾ ഒന്നും ശരി അല്ലെന്നും ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്
ഭക്ഷണത്തിലും കള്ളക്കണക്ക്
അയ്യപ്പ സംഗമത്തിന്‍റെ അന്ന് രാത്രിയിൽ 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500 താഴെ ആളുകള്‍ മാത്രമാണ് ശരിക്കും ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചയ്ക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാൽ, അയ്യപ്പ സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam