തന്‍റെ അഭിപ്രായങ്ങള്‍ കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ദേവൻ പറയുന്നത്. സംസ്ഥാന അധ്യക്ഷനോട് സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല. ആറുമാസമായി കാത്തിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാൻ വയ്യേന്നും ദേവൻ പറയുന്നു.
തൃശ്സൂര്‍: ബിജെപി വിട്ടതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് നടൻ ദേവൻ. തന്‍റെ അഭിപ്രായങ്ങള്‍ കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ദേവൻ പറയുന്നത്. സംസ്ഥാന അധ്യക്ഷനോട് സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല. ആറുമാസമായി കാത്തിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങി എന്തെങ്കിലും മാറ്റം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ആളാണ് താൻ. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാൻ വയ്യേന്നും ദേവൻ പറയുന്നു.
ബിജെപി ദേശീയ നേതൃത്വത്തിനുള്ള പ്രാപ്തി സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നാണ് ദേവന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. കെ സുരേന്ദ്രൻ കുറച്ചുകൂടി രാഷ്ട്രീയ അറിവുള്ള ആളാണ്. രാജീവ് ചന്ദ്രശേഖർ ഒരു കോർപ്പറേറ്റ് പൊളിറ്റീഷ്യൻ ആണ്. കോർപ്പറേറ്റ് സ്വഭാവമാണ് രാജീവ് ചന്ദ്രശേഖറിന്റേത്. ശരിയായ കാര്യങ്ങൾ ദേശീയ നേതൃത്വത്തിന് അധ്യക്ഷൻ അറിയിക്കുന്നില്ല. കേന്ദ്ര നേതൃത്വത്തോട് ഇക്കാര്യങ്ങൾ സംസാരിക്കാനും അവസരം ലഭിച്ചില്ല. താൻ തുടങ്ങിവെച്ച കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ട് പോകും. ജനങ്ങൾക്ക് തന്നെ പൂർണ്ണ വിശ്വാസമുണ്ടെന്നും ദേവൻ പറയുന്നു.
2004 ലാണ് ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചത്. പിന്നീട് ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004ൽ ദേവൻ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

