
തൃശൂര്‍: കലുങ്ക് സൗഹൃദ സദസിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്നും വഴി അറിയില്ലെന്നും വയോധിക പറഞ്ഞു. എന്നാൽ, എന്‍റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞത്. അപ്പോള്‍ ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്നും സാര്‍ പണം വാങ്ങി തരണമെന്നും വയോധിക പറഞ്ഞപ്പോൾ ഞാൻ ഈ രാജ്യത്തിന്‍റെ മന്ത്രിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സദസിൽ ആനന്ദവല്ലി എന്ന വയോധികയാണ് സുരേഷ് ഗോപിയോട് സംസാരിച്ചത്. ചർച്ചയിൽ കോപ്പറേറ്റീവ് ബാങ്കിലെ കാശ് എപ്പോള്‍ കിട്ടുമെന്നായിരുന്നു വയോധികയുടെ ചോദ്യം. ഈ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് സുരേഷ് ഗോപി കരുവന്നൂര്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചുകൊണ്ട് മറുപടി നൽകിയത്. പണം സ്വീകരിക്കണ്ട എന്ന നിലപാട് സഹകരണ വകുപ്പിന്‍റെതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചു വേലായുധന് വീട് നിര്‍മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സിപിഎം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരിൽ ഒരു കൗണ്ടര്‍ തുടങ്ങട്ടെയെന്നും സുരേഷ്‍ഗോപി വെല്ലുവിളിച്ചു. സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇറങ്ങി കരുവന്നൂരിൽ കൗണ്ടര്‍ തുടങ്ങണം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനെ പോലുള്ളവർ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലെയെന്നും കരുവന്നൂരിലെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്നും സുരേഷ്‍ഗോപി പറഞ്ഞു. കരുവന്നൂരിൽ ഇ.ഡി പിടിച്ച സ്വത്തുക്കൾ നിക്ഷേപകർക്ക് മടക്കി നൽകാൻ തയാറാണ്. ആ സ്വത്തുക്കൾ സ്വീകരിക്കേണ്ടെന്നാണ് സഹകരണ വകുപ്പിന്‍റെ നിലപാട്. ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണമെന്നുമായിരുന്നു കരുവന്നൂര്‍ വിഷയം ഉന്നയിച്ച വയോധികയ്ക്ക് സുരേഷ് ഗോപി നൽകിയ മറുപടി.
തൃശൂർ ചേർപ്പിലെ കലുങ്ക് സംവാദത്തിനിടെ വീട് പണിയാൻ സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധന്‍റെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശദീകരിച്ചത്. സംവാദത്തിനിടെ ഉയർന്ന കരുവന്നൂർ വിഷയത്തിൽ സിപിഎമ്മിനെയും ജില്ലാ സെക്രട്ടറിയെയും വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. വീട് പണിയാൻ ഇറങ്ങിയവർ കരുവന്നൂരിലും ഇറങ്ങട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലും സംഘടിപ്പിച്ച കലുങ്ക് സംവാദ സദസിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സ്വന്തം ആവശ്യങ്ങൾ അല്ലാതെ പൊതുതാല്പര്യ ആവശ്യങ്ങൾക്കാണ് സംവാദ വേദി മുൻഗണന നൽകുന്നതെന്ന് അറിയിച്ചാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് കലുങ്ക് സംവാദ സദസ് ആരംഭിച്ചത്. പുള്ള് സ്വദേശി കൊച്ചുവേലായുധന്‍റെ വീടിനായുള്ള അപേക്ഷ സുരേഷ് ഗോപി കയ്യിൽ വാങ്ങാതിരുന്നത് വലിയ വിവാദമായിരുന്നു. സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധന് സിപിഎം വീട് പണിതു നൽകുമെന്ന് ഉറപ്പും നൽകി. വിവാദം മൂർച്ഛിച്ചതോടെയാണ് കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ സുരേഷ് ഗോപിയുടെ വിശദീകരണം. നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്‍റെ തീപ്പന്തം കെടുത്താനാണ് ശ്രമമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വേലായുധൻ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കുമെന്നും പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കലുങ്ക് സംവാദ വേദികൾ സംഘടിപ്പിക്കാനാണ് തീരുമാനം.