
കോഴിക്കോട്: കായണ്ണയിലെ വിവാദ ആൾദൈവത്തിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ചാരുപറമ്പിൽ രവിയുടെ വീടും ക്ഷേത്രവും സ്ഥിതി ചെയ്യുന്നിടത്തേക്കായിരുന്നു പ്രതിഷേധം. അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ദുർമന്ത്രവാദം നടത്തുകയും ചെയ്യുന്ന രവിയെ അറസ്റ്റ് ചെയ്യണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ആവശ്യപ്പെട്ടു.
ആൾദൈവത്തിനെതിരെ കൂടുതൽ സംഘടനകൾ വരും ദിവസങ്ങളിൽ പ്രതിഷേധിക്കാനെത്തും എന്നാണ് വിവരം. ഇയാളെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയവരുടെ വാഹനങ്ങൾ കഴിഞ്ഞദിവസം നാട്ടുകാർ അടിച്ചു തകർത്തിരുന്നു. ജുവനൈൽ കേസിൽ പ്രതിയാണ് വിവാദ ആൾ ദൈവം. അതേസമയം, സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇയാളെന്ന് സൂചനയുണ്ട്.
എറണാകുളം ചോറ്റാനിക്കരയിലും മന്ത്രവാദിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടന്നു. ചോറ്റാനിക്കര തുപ്പമുടി സ്വദേശിയായ ജയരാജൻ എന്ന ജയാനന്ദ സുബ്രഹ്മണ്യൻ എന്ന ആളുടെ വീട്ടിലേക്കാണ് സിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വീട് കേന്ദ്രീകരിച്ച് ആഭിചാര ക്രിയകൾ നടത്തുകയാണ് ഇയാളെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മരപ്പണിക്കാരനായ ജയരാജൻ അഞ്ച് വര്‍ഷം മുൻപാണ് മന്ത്രവാദ പ്രവര്‍ത്തനം തുടങ്ങിയതെന്നും ഇപ്പോൾ ഇയാളെ തേടി അന്യസംസ്ഥാനങ്ങളിൽ നിന്നും വരെ ആളുകളെത്തുകയും ഇവിടെ വലിയ രീതിയിൽ പൂജകളും മറ്റും നടക്കുന്നുണ്ടെന്നും സിപിഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മാര്‍ച്ചിന് പിന്നാലെ സിപിഐ പ്രവര്‍ത്തകര്‍ ഇയാളുടെ വീട്ടിലേക്ക് എത്തുകയും ഇയാളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതോടെ പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. രണ്ട് കൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. താൻ സ്വന്തം വീട്ടിൽ പൂജ ചെയ്യുന്നതിൽ ആര്‍ക്കാണ് പ്രശ്നമെന്നാണ് ജയരാജൻ്റെ നിലപാട്.