ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്

By Web TeamFirst Published Nov 21, 2020, 9:07 AM IST
Highlights

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.

കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്. 13 ദിവസമായി തങ്ങൾ ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. അതേസമയം, പരിയാരത്ത് ചികിത്സയിൽ തുടരുന്ന കമറുദ്ദീന് ആൻജിയോ പ്ലാസ്റ്റി നടത്തുന്നതിൽ തീരുമാനമായില്ല.

റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി കമറുദ്ദീൻ എംഎൽഎക്ക് കഴിഞ്ഞ ദിവസമാണ് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചത്. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. അതിനിടെ, ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ എം സി കമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഹോസ്‍ദുര്‍ഗ് കോടതി തള്ളിയിതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഫാഷൻ ഗോൾഡ് നടത്തിപ്പിൽ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ് പരാജയപ്പെട്ടത് മൂലം ഉണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരാൻ കാരണം. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചു. 

click me!