
കൊച്ചി: ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതി ജലാൽ നാടകീയമായി കീഴടങ്ങി. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ജലാൽ കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.
കേസിൽ ജലാലടക്കം മൂന്ന് പേർ കസ്റ്റംസിന്റെ പിടിയിലാണ്. മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വളരെ നാടകീയമായാണ് ഇന്നലെ പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
റമീസിൽ നിന്ന് ജലാലടക്കം കസ്റ്റഡിയിലുള്ള മൂന്ന് പേരും സ്വർണ്ണം വാങ്ങിയെന്നാണ് സംശയം. ഇന്ന് വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ നയതന്ത്ര ചാനൽ വഴി ജൂണിൽ 27കിലോ സ്വർണം കടത്തിയെന്ന് വ്യക്തമായി. ജൂൺ 24, 26 തീയതികളിലാണ് സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് എത്തിയത്. ഇത് സരിതാണ് കൈപ്പറ്റിയത്. സ്വർണം അയച്ചത് ദുബൈയിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂൺ 24 ന് ഒൻപത് കിലോ സ്വർണ്ണവും 26 ന് 18 കിലോ സ്വർണ്ണവുമാണ് കടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam