
കോഴിക്കോട്: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുഖ്യൻ്റെ വിരട്ടൽ സ്വന്തം വീട്ടുകാരോടും പാർട്ടിക്കാരോടും മതിയെന്നും യുവമോർച്ച. കറുപ്പ് നിറം മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉള്ളിൽ കള്ളമുള്ളത് കൊണ്ട് തന്നെയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കേരള പൊതു സമൂഹത്തിന് മുന്നിൽ പൂർണനഗ്നനായി ഇളിഭ്യനായി നിൽക്കുകയാണ്.
സരിത്തിനെ വിജിലൻസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതും കെ ടി ജലീലിൻ്റെ പരാതിയും, അജിത്കുമാറിനെതിരെ സ്വീകരിച്ച നടപടിയും, സ്വപ്നയുടെ അഭിഭാഷകനെതിരായ കേസും എല്ലാം കൂട്ടി വായിക്കുമ്പോൾ മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ടെന്ന് തന്നെയാണ് മനസ്സിലാകുന്നത്. ജനാധിപത്യ സമരങ്ങളെ പൊലീസിനെക്കൊണ്ട് ക്രൂരമായി നേരിടുകയാണ്. നൂറുക്കണക്കിന് പൊലീസുകാരില്ലാതെ പുറത്തിറങ്ങാൻ ഭയക്കുന്ന കേരള മുഖ്യൻ കേരളത്തിനപമാനമാണെന്നും പ്രഫുൽ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ യുവമോർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കണ്ണൂരിലേക്ക് പോകും വഴി രാത്രിയും കരിങ്കൊടി; വടകരയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, 10 പേർ കസ്റ്റഡിയിൽ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാത്രിയിലും പ്രതിഷേധം തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്ത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു.
നേരത്തെ കനത്ത സുരക്ഷയിലും കോഴിക്കോട് പലയിടത്തും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകർ എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്ട് പലയിടത്തും പ്രതിഷേധം
ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടന്ന പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. ആദ്യ വേദിയില്‍ തന്നെ പ്രതിഷേധവുമായി കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. തുടർന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടന്ന വേദിയിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. കോഴിക്കോട് കാരപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ എത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ ആശുപത്രിയിലെ വേദിക്ക് സമീപത്ത് പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ വേദിക്ക് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ മലപ്പുറം ജില്ലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. തവനൂരിൽ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിയ്ക്ക് പുറത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദില്ലിയിലും പ്രതിഷേധം ഉയർന്നു. എന്‍ എസ്‍ യു- കെ എസ്‍ യു പ്രവർത്തകരാണ് കേരള ഹൗസിന് മുന്നിൽ നിന്നും ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യബാലകൃഷ്ണന് മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ കേരളാ ഹൗസിന് മുന്നിൽ മുഖ്യമന്ത്രിയുടെ ലുക്ക് ഔട്ട് നോട്ടീസും കറുത്ത മാസ്‌കും പതിപ്പിച്ചു.