സ്വര്‍ണക്കള്ളക്കടത്ത് കേസ്; സി എം രവീന്ദ്രനെ ഉടൻ ചോദ്യം ചെയ്യും

By Web TeamFirst Published Nov 28, 2020, 12:19 PM IST
Highlights

സര്‍ക്കാരിൻ്റെ വിവിധ പദ്ധതികളുടെ മറവില്‍ ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നാണ് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് ലഭിച്ച വിവരം. ഈ ഇടപാടുകളില്‍ എം ശിവശങ്കറുടെയും സ്വപ്നയുടേയും പങ്കാളിത്തം സംബന്ധിച്ച തെളിവുകൾ ഇതിനകം  ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഉടന്‍ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. തീയതി സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുത്തേക്കും. ഇതിനിടെ കസ്റ്റംസിലെ സിപിഎം ഫ്രാക്ഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. 

സര്‍ക്കാരിൻ്റെ വിവിധ പദ്ധതികളുടെ മറവില്‍ ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നാണ് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് ലഭിച്ച വിവരം. ഈ ഇടപാടുകളില്‍ എം ശിവശങ്കറുടെയും സ്വപ്നയുടേയും പങ്കാളിത്തം സംബന്ധിച്ച തെളിവുകൾ ഇതിനകം  ഇഡിക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ പങ്ക് സംബന്ധിച്ചും സംശയങ്ങള്‍  ഉയര്‍ന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകന്‍ രണ്ട് തവണ രവീന്ദ്രന് നോട്ടീസ് നൽകി. എന്നാല്‍ ആദ്യം കൊവിഡ് ചികില്‍സയെന്നും പിന്നീട് കൊവിഡാനന്തര  ചികില്‍സയെന്നും ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. 

ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ അടുത്തയാഴ്ച തന്നെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ തീരുമാനം. തീയതി സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുത്തേക്കും. ഇതിനിടെ കസ്റ്റംസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബിജെപി രംഗത്ത് വന്നു. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്നും ഇവരില്‍ ചിലര്‍ സി എം രവീന്ദ്രന്‍റെ ബന്ധുക്കളാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് കേസില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എം ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് പുരോഗിക്കുകയാണ്. സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലരുടേയും പങ്ക് സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് വിശദമായ മൊഴി നൽകിയെന്നാണ് വിവരം.

click me!