Latest Videos

നയതന്ത്ര ബാഗ് വഴിയല്ല സ്വര്‍ണം വന്നതെന്ന പ്രസ്താവന; വി മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം

By Web TeamFirst Published Sep 14, 2020, 6:35 PM IST
Highlights

നയതന്ത്രബാഗ് വഴിയാണ് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയതെന്ന കേന്ദ്രസര്‍ക്കാരിന്‍റെ സ്ഥിരീകരണത്തോടെ കേന്ദ്രമന്ത്രി മുരളീധരന്‍റെ രാജിയാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരനെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. നയതന്ത്രബാഗ് വഴിയാണ് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയതെന്ന കേന്ദ്രസര്‍ക്കാരിന്‍റെ സ്ഥിരീകരണത്തോടെയാണ് കേന്ദ്രമന്ത്രി മുരളീധരന്‍റെ രാജിയാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയത്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗ് വഴിയല്ലെന്നായിരുന്നു ജൂലൈ 8ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവന. ഇത് കേന്ദ്രം തന്നെ തള്ളിയ സാഹചര്യത്തിലാണ് രാജി ആവശ്യവും മന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവും സിപിഎം ശക്തമാക്കുന്നത്. 

നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു വി മുരളീധരന്‍റെ പ്രസ്താവന.അന്വേഷണം വഴിതിരിച്ച് വിടാനെന്ന ആരോപണവുമായി സിപിഎം അന്ന് തന്നെ കേന്ദ്മന്ത്രിയെ തള്ളിപ്പറഞ്ഞിരുന്നു. നയതന്ത്രബാഗ് വഴിയല്ല സ്വര്‍ണം വന്നതെന്ന് പറയാന്‍ സ്വപ്നക്ക് ഉപദേശം കിട്ടിയിരുന്നെന്ന വാര്‍ത്ത കൂടി ഇടക്ക് വന്നിരുന്നു. 

മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ ലൈഫ്മിഷനില്‍ മന്ത്രിപുത്രന്‍ കമ്മീഷന്‍ പറ്റിയെന്ന വാര്‍ത്ത കൂടി പുറത്ത് വന്നതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിരോധത്തിലായിരുന്നു. കേന്ദ്രഏജന്‍സികള്‍ വരുംദിവസങ്ങളില്‍ എങ്ങനെയൊക്കെ നീങ്ങുമെന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്. ഇതിനിടെയാണ് ഇന്ന് പാര്‍ലമെന്‍റില്‍  നയതന്ത്രബാഗ് വഴിയാണ് സ്വര്‍ണം വന്നതെന്നും 16 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ഏജന്‍സികള്‍ പഴുതടച്ച അന്വേഷണം നടക്കുന്നുവെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ പ്രതിരോധത്തിലായിരുന്ന സിപിഎം പെട്ടെന്ന് തന്നെ വി മുരളീധരനെതിരെ തിരിഞ്ഞു. ആര്‍എസ്എസ് ചാനല്‍ പ്രതിനിധിയെ ചോദ്യം ചെയ്തതോടെ മുരളീധരന്‍ ഇടപെട്ട് അന്വേഷണം വഴിതെറ്റിക്കുന്നുവെന്നാണ് സിപിഎം ആരോപണം

 

click me!