Latest Videos

ശിവശങ്കറിന്‍റെ വാടക ഫ്ലാറ്റിലും കെഎസ്ഐടിഐഎല്ലിലും കസ്റ്റംസ് പരിശോധന

By Web TeamFirst Published Jul 15, 2020, 3:52 PM IST
Highlights

നേരത്തേ എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെ സന്ദ‍ർശനരേഖകൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതനുസരിച്ച് സ്വപ്നയും സരിത്തും സന്ദീപും ഈ ഫ്ലാറ്റിൽ നിത്യസന്ദർശകരായിരുന്നുവെന്ന് സൂചനകൾ ലഭിച്ചതായാണ് വിവരം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ സെക്രട്ടേറിയറ്റിന് അടുത്തുള്ള ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന. സ്വപ്ന ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിന്‍റെ മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും കസ്റ്റംസ് സമാന്തരമായി പരിശോധന നടത്തുകയാണ്. നേരത്തേ എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെ സന്ദ‍ർശനരേഖകൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതനുസരിച്ച് സ്വപ്നയും സരിത്തും സന്ദീപും ഈ ഫ്ലാറ്റിൽ നിത്യസന്ദർശകരായിരുന്നുവെന്ന് സൂചനകൾ ലഭിച്ചതായാണ് വിവരം. 

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കായി സെക്രട്ടറിയേറ്റിന് സമീപം ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ആണെന്ന് നേരത്തേ വിവരം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആവശ്യപ്പെട്ടതനുസരിച്ചാണ് മുറിയെടുത്തതെന്ന് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സ്വപ്ന സുരേഷ് സ്പേസ് പാർക്കിന്‍റെ ഓപ്പറേഷൻസ് മാനേജർ എന്ന പദവിയിലാണ് ജോലി ചെയ്തിരുന്നത്. സ്വപ്ന സുരേഷുമായി ഗാഢമായ സൗഹൃദമുണ്ടായിരുന്നു എന്നാണ് എം ശിവശങ്കർ കസ്റ്റംസിനോട് വ്യക്തമാക്കിയിരുന്നത്. എങ്ങനെയാണ് സ്വപ്ന സുരേഷിന് സ്പേസ് പാർക്കിന് കീഴിൽ ജോലി ലഭിച്ചത് എന്നും ഈ പദവികളും എം ശിവശങ്കറുമായുള്ള സൗഹൃദം സ്വപ്ന സുരേഷ് എങ്ങനെ ഉപയോഗിച്ചിരിക്കാം എന്നും പരിശോധന നടക്കുന്നുണ്ട്.

യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്നതിന് മുമ്പ് സ്വപ്ന എയർ ഇന്ത്യ സാറ്റ്‍സിലാണ് ജോലി ചെയ്തിരുന്നത്. അന്ന് വ്യാജപരാതി നൽകിയതിന് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നയാൾ കൂടിയാണ് സ്വപ്ന. ഇതിന് ശേഷം യുഎഇ കോൺസുലേറ്റിലെ കോൺസുൽ ജനറലിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി സ്വപ്ന ജോലി ചെയ്തു. അതിന് ശേഷമാണ് സ്പേസ് പാർക്കിന്‍റെ ഓപ്പറേഷൻസ് മാനേജറായി എത്തിയത്. ഇതെങ്ങനെയാണ് സ്വപ്നയ്ക്ക് ഈ ജോലി ലഭിച്ചതെന്ന കാര്യം വ്യക്തമല്ല. സ്വപ്ന സമർപ്പിച്ച ബിരുദരേഖകൾ പലതും വ്യാജമാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.  

എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കള്ളക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടോയെന്ന് സ്വപ്നയിൽ നിന്ന് മാത്രമേ വ്യക്തമാകൂ എന്നാണ് വിവരം. അതേസമയം, കള്ളക്കടത്ത് നടത്തുന്നതെങ്ങനെയെന്നതിൽ കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്. അറസ്റ്റിലായ ജലാലും റമീസും ചേർന്നാണ് കള്ളക്കടത്തിന് പണം മുടക്കാൻ ആളെ കണ്ടെത്തിയത്. സ്വർണം വാങ്ങിയെന്ന് കരുതുന്ന കോഴിക്കോട് മേഖലയിലെ ചില ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ ഇന്ന് ഒന്നാം പ്രതി സരിത്തിന്‍റെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തുകയും ചെയ്തു. 

click me!