
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദമാണ് എം ശിവശങ്കറിന് ഉണ്ടായിരുന്നത്. വീട് എടുത്ത് നൽകിയതിന്‍റെ വിശദാംശങ്ങൾ അടക്കം പുറത്ത് വന്നുകഴിഞ്ഞു. എന്തിനാണ് മുറി എടുത്ത് നൽകിയതെന്നടക്കം വ്യക്തമാകേണ്ടതുണ്ട്. കള്ളക്കടത്തിൽ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരിൽ നിന്നെ വ്യക്തമാക്കൂ എന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.
കസ്റ്റംസ് നിയമം 108 അനുസരിച്ച് ശിവശങ്കറിന്‍റെ മൊഴി എടുത്തിട്ടുണ്ട്. സ്വപ്നയുമായി അടുത്ത സൗഹൃദമെന്നാണ് കസ്റ്റംസിന് എം ശിവശങ്കര്‍ നൽകിയ മൊഴി. ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ കൂടുതൽ പരിശോധന ഉണ്ടാകുമെന്നും കസ്റ്റംസ് വ്യത്തങ്ങൾ വ്യക്തമാക്കി.
അറസ്റ്റിലായ ജലാലും റമീസും ചേർന്നാണ് കള്ളക്കടത്തിന് പണം മുടക്കാൻ ആളെ കണ്ടെത്തിയത്. സന്ദീപും റമീസുമാണ് നയതന്ത്ര ചാനലിലൂടെയുള്ള കളളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത്, സ്വപ്നയേയും സരിത്തിനേയും ഇതിനായി സമീപിച്ചു. കളളക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം വിതരണം ചെയ്തിരുന്നതും സ്വർണം വാങ്ങാൻ ആളെ കണ്ടെത്തിയിരുന്നതും ജലാൽ ആണെന്നും ആണ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.
അതിനിടെ കോഴിക്കോട് മേഖലയിലെ ചില ജ്വല്ലറികൾ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. സ്വർണം വാങ്ങിയെന്ന് കരുതുന്ന ജ്വല്ലറികളിലാണ് പരിശോധന നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam