സ്വർണ്ണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു, പിന്നാലെ ജാമ്യാപേക്ഷ

By Web TeamFirst Published Jul 9, 2020, 2:18 PM IST
Highlights

കേസിൽ സരിത്തിന്‍റെ ജാമ്യാപേക്ഷ 14-ാം തീയതി പരിഗണിക്കും. ചോദ്യം ചെയ്യൽ ക്യാമറയിൽ ചിത്രീകരിക്കണമെന്ന സരിത്തിന്‍റെ ആവശ്യം കോടതി തള്ളി. 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റഡ‍ിയിൽ വിട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്.  ഇതിന് തൊട്ടു പിന്നാലെ സരിത്ത് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു. ഈ അപേക്ഷ 13ന് പരിഗണിക്കും. ചോദ്യം ചെയ്യൽ ക്യാമറയിൽ ചിത്രീകരിക്കണമെന്ന സരിത്തിന്‍റെ ആവശ്യം കോടതി തള്ളി. 

കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിൽ തുടരുകയാണ്. സ്വർണക്കടത്തുകേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിന്‍റെ കാര്യത്തിൽ ഇടപെട്ടതെന്നാണഅ സ്വപ്നയുടെ വിശദീകരണം.

മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നതെന്നും, അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താൻ തനിക്ക് പ്രത്യേകിച്ച് ഒന്നുമില്ലെന്നും സ്വപ്നയുടെ ഹ‍ർജിയിൽ പറയുന്നു.  കളളക്കടത്തിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ്  ഹ‍ർജിയിലെ ആവശ്യം. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. 

ഒളിവിൽക്കഴിയുന്ന സന്ദീപിനായി കൊച്ചിയിൽ കസ്റ്റംസ് തെരച്ചിൽ നടത്തുന്നുണ്ട്. ഇയാളും മുൻകൂർ ജാമ്യാപേക്ഷയുമായി എത്താനാണ് സാധ്യത. കളളക്കടത്തിൽ വിദേശ പണമിടപാട് നടന്നിട്ടുണ്ട് എന്ന വിവരത്തെത്തുടർന്നാണ് ഫെമാ നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യപ്രതികളെ കസ്റ്റംസ് പിടികൂടിയ ശേഷമാകും എൻഫോഴ്സ്മെന്‍റ് നടപടികൾ തുടങ്ങുക.

click me!