
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് പ്രതിചേർത്തത്. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കൊയമ്പത്തൂർ സ്വദേശി നന്ദു, തലശ്ശേരി സ്വദേശി രാജു, കോഴിക്കോട് പാലകുറ്റി സ്വദേശി മുഹമ്മദ് ഷമീർ എന്നിവരെയാണ് പ്രതി ചേർത്തത്.
ഇതോടെ എൻഐ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. ഇതിനിടെ 25ാം പ്രതി കോഴിക്കോട്ടെ ജ്വല്ലറി ഉടമ ഷംസുദ്ദീൻ കേസിലെ മുഖ്യ കണ്ണിയെന്ന് എൻഐഎ സംഘം കോടതിയെ അറിയിച്ചു. ഷംസുദീന്റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്താണ് നിലപാട്. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഐഎ വാദിച്ചു. വിമാനത്താവവളങ്ങൾ വഴി സ്വർണം കടത്തിയ കേസിന്റെ ഗൂഢാലോചന ഷംസുദ്ദിന്‍റെ അറിവോടെയാണെന്നാണ് എൻഐഎ നിലപാട്. ഹർജി ഈ മാസം 16ലേക്ക് മാറ്റി
കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി. രാജാ സ്ട്രീറ്റിലെ ജ്വല്ലറി ഉടമ നന്ദകുമാറിനെ എൻഐഎ ചോദ്യം ചെയ്തു. നന്ദകുമാറിന്റെ വീടിനോട് ചേർന്നുള്ള സ്വർണ്ണ പണിശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും എൻഐഎ പരിശോധന നടത്തി. ചെന്നൈ എൻഐഎ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറികളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. മൂന്ന് എജന്റുമാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു കോയമ്പത്തൂരിലെ പരിശോധന. അനധികൃതമായി എത്തിച്ച സ്വർണ്ണം ആഭരണങ്ങളാക്കി തമിഴ്നാട്ടിലെ സ്വർണ കടകളിൽ വിൽപ്പന നടത്തിയതിന്റെ രേഖകളും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam