സ്വപ്നയും സന്ദീപും പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ വിളിച്ചു, വഴിത്തിരിവ്

By Web TeamFirst Published Sep 4, 2020, 12:46 PM IST
Highlights

കൊച്ചിയിലെ നിശാപാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മുഹമ്മദ്  അനൂപ്. പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം അനൂപിനുണ്ടായിരുന്നു.

കൊച്ചി: ബംഗ്ലുരു മയക്കുമരുന്ന് കേസിന് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന്  കസ്റ്റംസ് അന്വേഷണം തുടങ്ങി.  ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള  കെ.ടി റമീസുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷണപരിധിയിലേക്കെത്തിയത്.

ലഹരി കടത്ത് കേസിൽ ബംഗ്ലുരുവിൽ നർകോടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്‍റെ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്‍റെ സൂചനകൾ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് റമീസ് പലരിൽ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗലുരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തിൽ  പണം നിക്ഷേപിച്ചവരിൽ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

ബംഗലുരുവിൽ വെച്ച് സ്വപ്നയും സന്ദീപും എൻഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണിൽ വിളച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്. റമീസിനെ  ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തിങ്കളാച് കസ്റ്റംസ് അപേക്ഷ കോടതി പരിഗണിക്കും.  

കൊച്ചിയിലെ നിശാപാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മുഹമ്മദ്  അനൂപ്. പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം അനൂപിനുണ്ടായിരുന്നു. വസ്ത്ര വ്യാപാര ശൃംഗലയിലെ ജീവനക്കാരനായിരിക്കെയാണ് പ്രമുഖരുമായി അനുപ് ബന്ധം സ്ഥാപിക്കുന്നത്. ബംഗലുരുവിലെ റസ്റ്റോറന്‍റിനായി പണം നിക്ഷപിച്ചവരിൽ കൊച്ചിയിലെ  സുഹൃത്തുക്കളും ഉണ്ട്. ജനുവരിയിൽ കൊച്ചിയിലെ  സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ അനൂപ് മൂന്ന് മാസത്തോളം വീട്ടിലുണ്ടായിരുന്നു. 

ചികിത്സയിലിരിക്കെ അനൂപ് മുഹമ്മദിനെ കാണുന്നതിനായി ആഢംബര കാറുകളിൽ നിരവധി പേരാണ് ആശുപ്ത്രിയിലും വീട്ടിലുമെത്തിയത്. ഒറ്റയ്ക്ക് വൻ മയക്ക് മരുന്ന് വ്യാപാരം നടത്താൻ കഴിവുള്ള വ്യക്തിത്വമല്ല അനൂപിന്‍റെതെന്നാണ് നർകോടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ അനൂപിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരിക്കാമെന്നാണ് കണക്ക് കൂട്ടൽ. കൊച്ചിയിൽ അടക്കം നടക്കുന്ന അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. 

click me!