സന്ദീപിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിലെന്ത്? പരിശോധിക്കാൻ എൻഐഎ, കോടതിയിൽ അപേക്ഷ നൽകി, ഇൻകം ടാക്സ് സംഘവും എത്തി

By Web TeamFirst Published Jul 14, 2020, 11:40 AM IST
Highlights

കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗ് കൂടി എന്‍ഐഎ കണ്ടെടുത്തിരുന്നു. ഈ ബാഗ് സന്ദീപ് ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് സംഘം എന്‍ഐഎ ഓഫീസിലെത്തി. സ്വപ്നയിൽ നിന്നും സന്ദീപിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പരിശോധന നടത്തുക. സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണായകബന്ധമുള്ള രണ്ട് പ്രതികളാണ് സ്വപ്നയും സന്ദീപും എന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സ്വര്‍ണക്കടത്ത് നടത്തിയത്.

അതേ സമയം ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗ് കൂടി എന്‍ഐഎ കണ്ടെടുത്തിരുന്നു. ഈ ബാഗ് സന്ദീപ് ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബാഗില്‍ ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതായാണ് വിവരം. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ബാഗ് തുറന്ന് പരിശോധിക്കുന്നതിന് വേണ്ടി എൻഐഎ കോടതിയിൽ അപേക്ഷ നൽകും. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് തന്നെ ഇക്കാര്യത്തിൽ കോടതി നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. 

മുമ്പ് കടത്തിയ 27 കിലോ സ്വർണമെവിടെ? ഒളിപ്പിച്ചത് സന്ദീപ് നായ‍ർ? കണ്ടെത്താൻ കസ്റ്റംസ്

അതേ സമയം  പ്രതികൾ ഇതിനുമുമ്പും ഇതേമാർഗത്തിൽ സ്വർണക്കടത്ത് നടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ജൂൺ മാസം മാത്രം നയതന്ത്രചാനൽ വഴി ഇവർ കടത്തിയത് 27 കിലോ സ്വർണമാണെന്നാണ് കണ്ടെത്തൽ. ഈ സ്വർണം എവിടെയാണ് എത്തിയതെന്നും ആരാണ് ഒളിപ്പിച്ചത് എന്നും അന്വേഷിക്കുകയാണ് കസ്റ്റംസ്. സന്ദീപ് നായരാണ് ഈ സ്വർണം ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചനകൾ.

ജൂൺ 24, 26 തീയതികളിലാണ് സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽത്തന്നെയാണ് രണ്ട് തവണയും ബാഗ് എത്തിയത്. ഇത് സരിത്താണ് കൈപ്പറ്റിയത്. സ്വർണം അയച്ചത് ദുബൈയിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പി കെ റമീസിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂൺ 24-ന് ഒൻപത് കിലോ സ്വർണ്ണവും 26-ന് 18 കിലോ സ്വർണ്ണവുമാണ് കടത്തിയതെന്നും വ്യക്തമായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

 

 

click me!