Asianet News MalayalamAsianet News Malayalam

മുമ്പ് കടത്തിയ 27 കിലോ സ്വർണമെവിടെ? ഒളിപ്പിച്ചത് സന്ദീപ് നായ‍ർ? കണ്ടെത്താൻ കസ്റ്റംസ്

നയതന്ത്രചാനൽ വഴി ഇതിന് മുമ്പ് ജൂണിൽ മാത്രം ഇവർ കടത്തിയത് 27 കിലോ സ്വർണമാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത് എവിടെയാണ് ഒളിപ്പിച്ചതെന്നും, ആർക്ക് കൈമാറിയെന്നും തിരഞ്ഞ് കണ്ട് പിടിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.

gold smuggling case customs to find out where did the previous cargos with gold went to
Author
Kochi, First Published Jul 14, 2020, 11:03 AM IST

കൊച്ചി:  തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികൾ ഇതിനുമുമ്പും ഇതേമാർഗത്തിൽ സ്വർണക്കടത്ത് നടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ജൂൺ മാസം മാത്രം നയതന്ത്രചാനൽ വഴി ഇവർ കടത്തിയത് 27 കിലോ സ്വർണമാണെന്നാണ് കണ്ടെത്തൽ. ഈ സ്വർണം എവിടെയാണ് എത്തിയതെന്നും ആരാണ് ഒളിപ്പിച്ചത് എന്നും അന്വേഷിക്കുകയാണ് കസ്റ്റംസ്. 

സന്ദീപ് നായരാണ് ഈ സ്വർണം ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചനകൾ. ജൂൺ 24, 26 തീയതികളിലാണ് സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽത്തന്നെയാണ് രണ്ട് തവണയും ബാഗ് എത്തിയത്. ഇത് സരിത്താണ് കൈപ്പറ്റിയത്. സ്വർണം അയച്ചത് ദുബൈയിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പി കെ റമീസിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂൺ 24-ന് ഒൻപത് കിലോ സ്വർണ്ണവും 26-ന് 18 കിലോ സ്വർണ്ണവുമാണ് കടത്തിയതെന്നും വ്യക്തമായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

സന്ദീപ് നായർ എവിടെയാണ് ഈ സ്വർണം ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. വലിയ തുകയുടെ സ്വർണമാണ് ഇയാൾ ഒളിപ്പിച്ചിരിക്കുന്നത്. ആർക്കെങ്കിലും ഇത് കൈമാറിയതാണെങ്കിൽ അതാർക്ക്? അവരത് എവിടേക്കാണ് കൊണ്ടുപോയത്? അങ്ങനെ അന്വേഷിക്കാൻ വിപുലമായ ഒരുനിര കാര്യങ്ങളുണ്ട് കസ്റ്റംസിന് മുന്നിൽ.

അതേസമയം, പി കെ റമീസിൽ നിന്ന് സ്വർണം വാങ്ങിയ മൂന്ന് പേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ ഇവരെക്കൂടി പ്രതികളാക്കുമെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്താനൊരുങ്ങുകയാണ് കസ്റ്റംസ്. 

കസ്റ്റഡിയിലെടുക്കുമ്പോൾ സന്ദീപിന്‍റെ പക്കലുണ്ടായിരുന്ന ബാഗ് തുറക്കാൻ അപേക്ഷ നൽകാനൊരുങ്ങുകയാണ് എൻഐഎ. ഇന്ന് തന്നെ ഇതിനുള്ള അപേക്ഷ കോടതിയിൽ നൽകും. കസ്റ്റഡിയിൽ എടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാനാണ് അപേക്ഷ നൽകുന്നത്. കോടതി നിർദേശപ്രകാരമാണ് നടപടി. 

നാടകീയമായ കീഴടങ്ങലിന് പിന്നിലെന്ത്?

ഇതിനിടെ കാലങ്ങളായി കേരളാ പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി ജലാൽ നാടകീയമായി ഇന്നലെ രാത്രിയോടെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടി രൂപയുടെ സ്വർണം കടത്തിയ കേസുകളിലെ പ്രതിയാണ് ജലാൽ. വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നയാളാണ് മൂവാറ്റുപുഴ സ്വദേശിയായ ജലാൽ. ഇയാൾക്ക് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതിയായ റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നതുമാണ്. 

ഇത് മാത്രമല്ല, നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്‍സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യകണ്ണിയാണ് ജലാൽ. എന്തിനാണ് ഇയാൾ വളരെപ്പെട്ടെന്ന് നേരിട്ട് വന്ന് ഹാജരായി കീഴടങ്ങിയതെന്നത് കസ്റ്റംസിന് തന്നെ അന്വേഷിക്കേണ്ടതുണ്ട്. വർഷങ്ങളായി കസ്റ്റംസിനെ വെട്ടിച്ച് രാജ്യമെമ്പാടും മുങ്ങി നടക്കുന്ന പ്രതിയുടെ കീഴടങ്ങലും ഇപ്പോഴുള്ള കേസിലെ തുമ്പുകൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

Read more at: സ്വർണ്ണക്കടത്ത്: ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്ന് സരിത്തിന്‍റെ മൊഴി

Follow Us:
Download App:
  • android
  • ios