"അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന"; സ്വര്‍ണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Jul 6, 2020, 3:58 PM IST
Highlights

സ്വർണക്കള്ളക്കടത്ത് കേസിൽ ഐടി സെക്രട്ടറി ഇടപെട്ടു. സോളാർ കേസ് പോലെ തന്നെ കുറേ കാര്യങ്ങൾ പുറത്തുവരും.സ്വർണം ആർക്ക് വേണ്ടി കടത്തി എന്ന് പുറത്ത് വരട്ടേ എന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണെന്ന നിര്‍ണ്ണായക വിവരം പുറത്തായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരായിരുന്ന സ്വപ്നയെ പിരിച്ചു വിട്ടെങ്കിലും സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വരണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട്. വലിയ സ്വാധീനമാണ് ഈ സ്ത്രീക്ക് വിമാനത്താവളത്തിൽ. ഇങ്ങനെ ഒരാൾ എങ്ങനെ പ്രധാന സ്ഥാനത്തെത്തി എന്നത് അന്വേഷിക്കണം. ഉമ്മൻചാണ്ടിയുടേത് പോലെ പിണറ‌ായിയുടെ ഓഫീസ് മാഫിയാ കേന്ദ്രമായി മാറി
യെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റിലെത്തിയത് എന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. സ്വർണക്കള്ളക്കടത്ത് കേസിൽ ഐടി സെക്രട്ടറി ഇടപെട്ടു. സോളാർ കേസ് പോലെ തന്നെ കുറേ കാര്യങ്ങൾ പുറത്തുവരും. സ്വർണം ആർക്ക് വേണ്ടി കടത്തി എന്ന് പുറത്ത് വരട്ടേയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി കസ്റ്റംസിനെ വിളിച്ചിട്ടുണ്ട്. ഐടി സെക്രട്ടറിയുടെ ഫോൺ വിളി വിശദാംശങ്ങൾ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരെ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഐടി സെക്രട്ടറിയെന്നും സോളാർ കേസ് പോലെ തന്നെ കുറേ കാര്യങ്ങൾ പുറത്തുവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു

click me!