സ്വർണ്ണക്കടത്ത് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു, സന്ദീപ് നായർ മാപ്പ് സാക്ഷി

By Web TeamFirst Published Jan 5, 2021, 4:42 PM IST
Highlights

സ്വപ്ന സുരേഷ്, സരിത്ത് അടക്കമുള്ള പ്രതികൾക്കെതിരെയാണ് കുറ്റപത്രം. കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം നൽകുന്നത്.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഐഎ കേസില്‍ എം ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍ഐഎ നിലപാട് വ്യക്തമാക്കിയിട്ടില്ല.  

സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് എന്‍ഐഎ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റംസ് കേസില്‍ മാപ്പുസാക്ഷികളായ സ്വപ്ന സുരേഷും സരിത്തിനെയും കൂടാതെ കെ ടി റമീസും പ്രതിയാണ്. ഇവരുള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കുറ്റപത്രം നല്‍കിയത്. മൂന്നാം പ്രതിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റവും തീവ്രവാദസംഘത്തിലംഗമായി എന്ന കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

തുടര്‍ച്ചയായി നൂറ് കോടിയലധികം രൂപയുടെ സ്വര്‍ണക്കടത്ത് നടത്തിയതിനാല്‍ തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കണമെന്നാണ് എന്‍ഐഎയുടെ വാദം. അതേസമയം എന്‍ഐഎ മാപ്പുസാക്ഷിയാക്കിയ സന്ദീപ് നായര്‍ കസ്റ്റംസ് കേസില്‍ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാണ്. സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റും പറയുമ്പോഴും എന്‍ഐഎ ശിവശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ല. ശിവശങ്കറിെന പ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

click me!