ഫൈസൽ ഫരീദിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം; സരിത്തുമായി എൻഐഎ സംഘം തലസ്ഥാനത്തേക്ക് തിരിച്ചു

By Web TeamFirst Published Jul 21, 2020, 9:26 AM IST
Highlights

സ്വപ്ന സുരേഷിന് ഒളിവിൽ കഴിയാൻ സഹായം ചെയ്ത തുറവൂരിലെ ജ്വല്ലറി ഉടമയ്ക്ക് എതിരെയും അന്വേഷണം .സ്വപ്ന സുരേഷിനും സന്ദീപിനും സഹായം ചെയ്തത് ഇയാൾ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിൽ ഫൈസൽ ഫരീദിന്‍റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കാന്‍ തീരുമാനം . ഇതിന്‍റെ ഭാഗമായി മൂന്ന് വര്‍ഷത്തെ ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് വിവിധ ബാങ്കുകൾക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നൽകി. തൃശൂരിലെ ഒരു സ്വകാര്യ ബാങ്ക് അടക്കം മൂന്ന് ബാങ്കുകൾക്കാണ് കത്ത് നൽകിയത്.

സരിത്തുമായി എൻഐഎ സംഘം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. സരിത്തിനെ തലസ്ഥാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. പുലര്‍ച്ചെയാണ് കൊച്ചിയിൽ നിന്ന് അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. 

അതിനിടെ സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും, സന്ദീപിന്‍റെയും എൻഐഎ യുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. രണ്ട് പ്രതികളെയും അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യൽ കഴിഞ്ഞതിനാൽ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ല.

എന്നാൽ ഈ രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് ഇന്ന് എൻഐഎ കോടതിയെ സമീപിച്ചേക്കും. കേസിൽ റിമാൻഡിലായ റമീസിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ ഇന്ന് സമീപിക്കും. ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇക്കാര്യത്തിൽ തീരുമാനം ഇന്ന് തന്നെയുണ്ടാകും. അതേസമയം കേസിലെ മുഖ്യകണ്ണിയെന്ന് കരുതുന്ന ഹൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

 

click me!