ശിവശങ്കർ കൊച്ചിയിൽ കഴിയുന്നത് എൻഐഎ നിരീക്ഷണത്തിൽ; ചോദ്യം ചെയ്യല്‍ ഇന്നും തുടരും

By Web TeamFirst Published Jul 28, 2020, 6:48 AM IST
Highlights

സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പകൽ 9 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ക്ലീൻ ചിറ്റ് നൽകാറായിട്ടില്ല എന്ന നിലപാടിലാണ് എൻഐഎ. 

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിൽ കഴിയുന്നത് എൻഐഎ നിരീക്ഷണത്തിൽ. എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക്‌ ചെയ്തതത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ തങ്ങുന്നുണ്ട്. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന്‌ താമസം ഒരുക്കിയത്. അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ വീണ്ടുമെത്താനാണ് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ പകൽ 9 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ശിവശങ്കരന് ക്ലീൻ ചിറ്റ് നൽകാറായിട്ടില്ല എന്ന നിലപാടിലാണ് എൻഐഎ. കളളക്കടത്ത് സംബന്ധിച്ച് ശിവശങ്കരന് അറിവുണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്നു എന്നതല്ലാതെ കളളക്കടത്തിനെപ്പറ്റി അറിയില്ലായിരുന്നു എന്ന നിലപാടാണ് ചോദ്യം ചെയ്യലിലുടനീളം അദ്ദേഹം സ്വീകരിച്ചത്. കൊച്ചി പനമ്പളളി നഗറിൽ എൻഐഎ ഓഫീസിന് അടുത്തുളള ഹോട്ടലിലാണ് ശിവശങ്കരൻ രാത്രി തങ്ങിയത്.

സ്വപ്ന സുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. എന്നാല്‍, സ്വപനക്കും കൂട്ടുപ്രതികൾക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കറിന്‍റെ നിലപാട്. ഇക്കാര്യത്തിൽ മനപൂ‍ർവം മൗനം നടിച്ചതാണെങ്കിൽ ശിവശങ്കർ പ്രതിയാകും. കളളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. 

നയതന്ത്ര ബാഗ് തടഞ്ഞുവെച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഒന്നിനും അഞ്ചിനും ഇടയിലുളള തീയതിയിൽ സ്വപ്ന ശിവശങ്കറിനെ കാണാൻ സെക്രട്ടേറിയറ്റിൽ എത്തിയതായി കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന അധികാരമുപയോഗിച്ച് ബാഗ് വിടുവിക്കുകയോ തിരിച്ചയപ്പിക്കുകയോ ആയിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. നയതന്ത്ര ബാഗിലുളളത് കളളക്കടത്ത് സ്വർണമെന്നറിഞ്ഞ് ശിവശങ്കർ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് കുരുക്കാകും. 

Also Read: 9 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ശിവശങ്കറിനെ എൻഐഎ ഇന്ന് വിട്ടയച്ചു; നാളെയും ചോദ്യം ചെയ്യും

click me!