സ്വർണ്ണക്കടത്ത് കേസ്; എൻഐഎ സംഘം യുഎഇയിലേക്ക്, ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

By Web TeamFirst Published Aug 8, 2020, 4:29 PM IST
Highlights

കേസിലെ പ്രതി ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാനാണ് എൻഐഎ ഉദ്യോഗസ്ഥർ യുഎഇയിലേക്ക് പോകുന്നത്. എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.

ദില്ലി: നയതന്ത്രചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ അന്വേഷണത്തിനായി എൻഐഎ സംഘം യുഎഇയിലേക്ക് പോകും. കേസിലെ പ്രതി ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാനാണ് എൻഐഎ ഉദ്യോഗസ്ഥർ യുഎഇയിലേക്ക് പോകുന്നത്. എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. നയതന്ത്ര ബാഗുവഴി കേരളത്തിലേക്ക് സ്വര്‍ണ്ണം അയച്ചത് ഫൈസൽ ഫരീദാണെന്ന് സ്വപ്ന സുരേഷും സരിത്തും മൊഴി നൽകിയിരുന്നു. ഫൈസൽ ഫൈരീദിലൂടെ മറ്റ് കണ്ണികളെ കൂടി കണ്ടെത്തുകയാണ് എൻഐഎയുടെ ലക്ഷ്യം. അതേസമയം ഫൈസൽ ഫരീദിനെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ ഇതുവരെ യുഎഇ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഫാസൽ ഫരീദ് അടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. 

സ്വര്‍ണക്കടത്ത് കേസിൽ തെളിവു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന സ്വപ്ന സുരേഷിന്റെ വാദത്തിന് ശക്തമായ എതിര്‍വാദങ്ങളാണ് കസ്റ്റംസ് ഇന്നലെ കോടതിയിൽ അവതരിപ്പിച്ചത്.  സര്‍ക്കാരിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസുലേറ്റ് ഉദ്യോസ്ഥ എന്ന നിലയിൽ ഭരണത്തിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയിൽ സ്വപ്നയുടെ വാദം.

അത്തരം സ്വാധീനത്തിൽ എന്ത് തെറ്റാണുള്ളത്? സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് കഴിഞ്ഞ ഒരു മാസമായിട്ടും തെളിവ് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷ് കോടതിയിൽ വാദിച്ചു. പൊലീസിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ പൊലീസിലെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നും സ്വപ്ന വാദിച്ചു. 

Read Also: തെളിവുണ്ടോ എന്ന് സ്വപ്ന; ഒരു മണിക്ക് ഫ്ലാറ്റിൽ ഒത്തുകൂടിയത് പ്രാര്‍ത്ഥിക്കാനല്ലെന്ന് കസ്റ്റംസ്...

 

click me!