നടൻ ശ്രീനിവാസൻ്റെ വിവിധ വിഷയങ്ങളിലുള്ള നിലപാടുകളും പ്രസ്താവനകളും കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രം, രാഷ്ട്രീയ പാർട്ടികൾ, ജൈവകൃഷി തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിൻ്റെ തുറന്നുപറച്ചിലുകൾ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു
തിരുവനന്തപുരം: മലയാള സിനിമയിൽ വൻ വിജയങ്ങൾ കൈവരിച്ച ശ്രീനിവാസൻ മലയാളികളുടെ വാർത്തകളിലും നിരന്തരം ഇടംപിടിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പല നിലപാടുകളും കേരള സമൂഹത്തിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴി തുറന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, ആധുനിക വൈദ്യശാസ്ത്രം, സിപിഎം-കോൺഗ്രസ് പാർട്ടികൾക്കെതിരായ വിമർശനം, ജൈവകൃഷി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാട് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താനൊരു സ്വതന്ത്രചിന്താഗതിക്കാരനാണെന്നും ആരുടെയും നിയന്ത്രണത്തിന് കീഴിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ തുറന്നുപറച്ചിലുകളിലൂടെ അദ്ദേഹം പലപ്പോഴായി വ്യക്തമാക്കി.
പ്രസ്‌താവനകളും വിവാദങ്ങളും
- കേരളത്തിലെ അംഗൻവാടിയിൽ ജോലി ചെയ്യുന്നത് മറ്റൊന്നിനും കഴിവില്ലാത്തവരാണെന്ന പ്രസ്താവന വിവാദമായി
- പരാമർശം സ്ത്രീവിരുദ്ധവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
- ക്യാൻസർ ചികിത്സയും മരുന്നുകളും ബിസിനസ്സ് ലക്ഷ്യത്തോടെയുള്ളതാണെന്ന അദ്ദേഹത്തിന്റെ വാദം ഡോക്ടർമാർക്കിടയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചു.
- ക്യാൻസർ വന്നാൽ മരണം സുനിശ്ചിതമാണെന്നും, ചികിത്സിക്കുന്നത് വെറുതെ പണം കളയാനാണെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും വാദിച്ചിട്ടുണ്ട്.
- ക്യാൻസർ മരുന്നുകൾ വിഷമാണെന്നും അവ രോഗിയെയല്ല, രോഗം മാറ്റാനായി എത്തുന്നവരെയുമാണ് നശിപ്പിക്കുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ഡോക്ടർമാർ രംഗത്തുവന്നു.
- കൊച്ചിയിൽ ഒരു വലിയ ക്യാൻസർ സെന്ററിന്റെ ആവശ്യമില്ലെന്നും രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളാണ് സർക്കാർ നടപ്പിലാക്കേണ്ടതെന്നുമുള്ള പ്രസ്താവനയും വിവാദമായിരുന്നു.
- മോഡേൺ മെഡിസിൻ രോഗത്തെ മാറ്റുന്നതിനേക്കാൾ ലാഭത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു
- മരുന്നു കമ്പനികളും ആശുപത്രികളും ചേർന്ന് ആളുകളെ പറ്റിക്കുകയാണെന്ന് അദ്ദേഹം പലപ്പോഴും ആരോപിച്ചു.
- മരുന്നുകളേക്കാൾ പ്രധാനം ശുദ്ധമായ ഭക്ഷണമാണെന്ന് വാദിച്ച അദ്ദേഹം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു
- "നമ്മൾ പണം കൊടുത്ത് വാങ്ങുന്നത് പച്ചക്കറികളല്ല, മരണമാണ്" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ജനശ്രദ്ധ നേടി.
- ആശുപത്രികൾ വർധിക്കുന്നതിലല്ല, മറിച്ച് വിഷരഹിതമായ ആഹാരം കഴിക്കുന്നതിലാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു
- രാസവളങ്ങളും കീടനാശിനികളും നിർമ്മിക്കുന്ന കമ്പനികൾ ലാഭത്തിന് വേണ്ടി മനുഷ്യരാശിയെ രോഗികളാക്കുകയാണെന്ന് അദ്ദേഹം വാദിച്ചു
- ശാസ്ത്രീയമായ ചികിത്സകൾ വേണ്ടെന്നു വെക്കാൻ ശ്രീനിവാസന്റെ വാക്കുകൾ പ്രേരിപ്പിക്കുന്നുവെന്നും ഇത് സാധാരണക്കാരായ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും ഡോക്ടർമാർ വാദിച്ചു.
- ശ്രീനിവാസന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിന്റെ തന്നെ സഹായം തേടിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു
- എറണാകുളം ജില്ലയിലെ കണ്ടനാട് ഏകദേശം 30 ഏക്കറോളം സ്ഥലത്ത് തരിശുഭൂമി പാട്ടത്തിനെടുത്ത് അദ്ദേഹം നെൽകൃഷിയും പച്ചക്കറി കൃഷിയും നടത്തി
- സന്ദേശം, വരവേൽപ് എന്നീ സിനിമകൾ സി.പി.എമ്മിന്റെ പ്രവർത്തന ശൈലിയെയും അനാവശ്യ സമരങ്ങളെയും പരിഹസിച്ചു
- പുതിയ കാലത്തെ കമ്യൂണിസ്റ്റ് നേതാക്കൾ അറിവില്ലാത്തവരാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും വിമർശിച്ചത് വിവാദമായി
- പിണറായി വിജയനെയും മാറ്റിമറിച്ചു എന്നും, മറ്റ് നേതാക്കളെപ്പോലെ അദ്ദേഹവും അധികാരത്തിന്റെ ദുർഗുണങ്ങൾക്ക് അടിമപ്പെട്ടുവെന്നും വിമർശിച്ചു
- കേരളം ഭരിക്കുന്ന രണ്ട് മുന്നണികളും (എൽ.ഡി.എഫ്, യു.ഡി.എഫ്) അഞ്ച് വർഷം വീതം മാറിമാറി വന്ന് സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് കുറ്റപ്പെടുത്തി
- ജവഹർലാൽ നെഹ്‌റു സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചാണ് അധികാരത്തിലേറിയതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന കോൺഗ്രസ് അനുഭാവികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി
- താൻ കോളേജ് കാലത്ത് എബിവിപിയിൽ പ്രവർത്തിച്ചെന്നും ആർഎസ്എസ് ശാഖയിൽ പോയിട്ടുണ്ടെന്നും കയ്യിൽ രാഖി കെട്ടിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു
- മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങളൊന്നും കേട്ടില്ലേ എന്ന ചോദ്യത്തിലൂടെ ഈ ബന്ധത്തിലെ സംശയങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചു
- കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ നേതാക്കൾ സുരക്ഷിതരായിരിക്കുകയും സാധാരണ അണികൾ രക്തസാക്ഷികളാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു
- ലോകത്തിലെ ഏറ്റവും വിഡ്ഢികളായ വോട്ടർമാരാണ് മലയാളികൾ എന്നും, കൊള്ളയടിക്കാൻ നേതാക്കൾക്ക് അവസരം നൽകുന്നവരാണെന്നും വിമർശിച്ചു


