
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ അന്വേഷണം നടക്കട്ടെയെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ പുറത്തുവരികയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇതുവരെയുള്ള നടപടികള്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഈ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഒഴിവാക്കിയ നടപടി ഇതുവരെ അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന സ്വകാര്യ കമ്പനിക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ മാത്രം അഭിപ്രായമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും മാധ്യമങ്ങളെ അറിയിക്കാനില്ലെന്നും അറിയിക്കേണ്ട സമയത്ത് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഡബ്ല്യുസി രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഹോള്‍സെയില്‍ ഏജന്റായി ശിവശങ്കര്‍ പ്രവര്‍ത്തിച്ചോ എന്ന കാര്യം അറിയില്ല. സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അത്തരമൊരു ചര്‍ച്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച വന്നിട്ടില്ല. സര്‍ക്കാറിന്റെ പ്രതിച്ഛായ ഇടിക്കാനാണ് കുറച്ചുപേര്‍ ശ്രമിക്കുന്നത്. പ്രതിച്ഛായ ഇടിഞ്ഞോ എന്നത് കുറച്ച് ദിവസം കഴിഞ്ഞിട്ട് നോക്കാം. സിപിഎം പ്രചാരണം മാറ്റിവെച്ചത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബോധപൂര്‍വമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി പോയെന്ന ആരോപണം എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നേതാവ് പറഞ്ഞത്. സര്‍ക്കാറിനെതിരെയുള്ള പ്രചരണം ആരംഭിക്കണമെന്ന് നേരത്തെ തീരുമാനിച്ചു. അതിന്റെ ഭാഗമായി പെട്ടെന്നുതന്നെ ഇത്തരമൊരാരോപണം ഉന്നയിക്കുകയാണ്.
സര്‍ക്കാറിനെതിരെ പൊതുവികാരം വളര്‍ത്തിയെടുക്കാന്‍ പറ്റുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. സര്‍ക്കാറിനെ ഏതെങ്കിലും തരത്തില്‍ ഇടിച്ചുതാഴ്ത്തണമെന്ന് വിചാരിക്കുന്നവരുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിനെ താരതമ്യപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അറിയാത്തവരാണോ അവര്‍. അതറിഞ്ഞുകൊണ്ടല്ലെ ഇപ്പോഴത്തെ ഓഫീസുമായി താരതമ്യം ചെയ്തത്. ഇതിനെല്ലാം ജനമാണ് വിധി കര്‍ത്താക്കള്‍.
ഏതെങ്കിലും ഒരു പ്രചാരണം അഴിച്ചുവിട്ടെന്ന് കരുതി ആകെ കാര്യങ്ങളങ്ങ് അട്ടിമറിഞ്ഞു പോകുമെന്ന് തെറ്റിദ്ധരികകേണ്ട. തല്‍ക്കാലം ഒരാശ്വാസം തോന്നുന്നുണ്ടാവും. വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ കഴിയുമല്ലോ എന്നാണ് നോക്കുക. പക്ഷേ ആ പുകമറക്ക് ചെറിയ ആയുസേ ഉള്ളൂ. സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും പുറത്തുവരും, അപ്പോള്‍ ഈ കെട്ടച്ചമച്ച കാര്യങ്ങള്‍ ഇതേ പോലെയങ്ങ് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെടി ജലീലിനെതിരെയുള്ള ആരോപണവും മുഖ്യമന്ത്രി തള്ളി. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കരനെതിരെയുള്ള നടപടിയെന്നും ഒരു തെറ്റ് ചെയ്തവരെയും സംരക്ഷിക്കാന്‍ സര്‍ക്കാറുണ്ടാവില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പാലത്തായി കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ വ്യത്യസ്ത അഭിപ്രായമുള്ളതാണെന്നും ആ കാര്യം സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam