കൊവിഡ് രോഗികള്‍ പെരുകിയാല്‍ വീടുകളിലെ ചികിത്സ പരിഗണനയിലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jul 18, 2020, 7:24 PM IST
Highlights

കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തിയാവും കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളിൽ നടത്തുക. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ പെരുകിയാല്‍ വീടുകളിലും ചികിത്സ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സാനുമതി നല്‍കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജീവിത ശൈലി മാറ്റണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് രോ​ഗികളെ വീട്ടിലിരുത്തി ചികിത്സിക്കുന്ന കാര്യത്തിൽ ഇപ്പോൾ സർക്കാർ തീരുമാനം എടുക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല. പക്ഷേ കേരളത്തിലെ സ്ഥിതി വല്ലാതെ മോശമായാൽ ഇത്തരം നടപടികളിലേക്ക് കടക്കേണ്ടി വരും. വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഈ രീതി കേരളത്തിലും പരിശോധിക്കണമെന്ന അഭിപ്രായവും നിർദേശവും സർക്കാരിന് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധന വേ​ഗം നടത്തി ഫലമറിയാനാണ് ശ്രമം. ഇതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ കൊവിഡ് പരിശോധന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സാനുമതി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രികൾ ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നേരത്തെ തന്നെ ചർച്ച നടത്തി ധാരണയായതാണ്. രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇനി ചികിത്സാ സൗകര്യമുള്ള ആശുപത്രികൾക്ക് രോ​ഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോ​ഗികളുടെ പരിചരണം പ്രത്യേകമായാണ് നടപ്പാക്കുക. കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തിയാവും കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളിൽ നടത്തുകയെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ ജീവിത ശൈലി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാൽ കൊവിഡ് നേരിടാം. അതിനായി ജീവൻ്റെ വിലയുള്ള ജാഗ്രത എന്ന പേരിൽ ബ്രേക്ക് ദ ചെയിൻ ക്യാംപെയ്ൻ ആരംഭിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം മാസങ്ങൾ പിന്നിട്ടതിനാൽ പൊതുവിൽ ക്ഷീണവും അവശതയും ആരോഗ്യപ്രവർത്തകർക്കുണ്ട്. എന്നാൽ, കൊവിഡിനെ നേരിടുമ്പോൾ നാം നിന്താത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിൽ ആരും മാറി നിൽക്കരുത് എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

click me!