
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ യുഎ ഇ മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കുമെതിരെ കസ്റ്റംസ് നിയമനടപടി സ്വീകരിക്കുന്നു. പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും പിഴ ഈടാക്കാതിരിക്കാനും കാരണം കാണിക്കാന‍് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. നോട്ടീസിനുള്ള മറുപടി അനുസരിച്ച് മറ്റ് നിയമ നടപടികളിലേക്ക് കടക്കും.
കോളിളക്കം സൃഷ്ടിച്ച നയതന്ത്രകള്ളക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. ഇതിന് മുന്നോടിയായി എല്ലാ പ്രതികള്‍ക്കും കസ്റ്റംസ് കമീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിനുള്ള മറുപടിയുടെ അടിസ്ഥാനത്തിലാണ് ആരെയെല്ലാം വിചാരണ ചെയ്യണമെന്നും പിഴ മാത്രം ഈടാക്കിയാല്‍ മതിയോ എന്നും തീരുമാനിക്കുക. മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവരുടെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയതെന്നാണ് പ്രതികളുടെ മൊഴി. പക്ഷെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ വിചാരണക്ക് വിധേയരാക്കാന്‍ കഴിയില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവര്‍ക്കും എംബസി വഴി ചോദ്യാവലി അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഡ്ജുഡിക്കേഷന്‍റെ ഭാഗമായി വിദേശകാര്യമന്ത്രലയം വഴി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുന്നത്.
രണ്ട് പേര്‍ക്കുമെതിരെ പ്രതികള്‍ നല്‍കിയ മൊഴികളും തെളിവുകളും നോട്ടീസിലുണ്ടാവും. പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും പിഴ ഈടാക്കാതിരിക്കാനും കാരണം കാണിക്കാന്‍ ആവശ്യപ്പെടും. നോട്ടീസിന് 30 ദിവസത്തിനകം മറുപടി നല്‍കണം. നോട്ടീസിന് മറുപടി ലഭിച്ച ശേഷം മറ്റ് നിയമ നടപടികളിലേക്ക് കടക്കും. മറുപടി നല്‍കിയില്ലെങ്കില്‍ ഒരു തവണ കൂടി നോട്ടീസ് നല്‍കും. എന്നിട്ടും പ്രതികരണമില്ലെങ്കില്‍ ഏകപക്ഷീയമായി കസ്റ്റംസ് നിയമനടപടികളുമായി മുന്നോട്ട് പോകും. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ രാജ്യത്ത് ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത് അസാധാരണമാണ്.