Latest Videos

രണ്ടാം ദിവസവും മരുന്നില്ല, കോഴിക്കോട് മെഡി. കോളേജിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

By Web TeamFirst Published Jun 1, 2021, 12:11 PM IST
Highlights

18 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്. രണ്ടാം ദിവസവും മരുന്നില്ല

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. ഇന്ന് ചികിത്സിക്കാന്‍ മരുന്ന് സ്റ്റോക്കില്ല.

18 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്. രണ്ടാം ദിവസവും മരുന്നില്ല. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്ച രാത്രി തന്നെ തീര്‍ന്നിരുന്നു.  50 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിനാണ് ദിവസവും വേണ്ടത്. ആംഫോടെറിസിന്‍ ആകട്ടെ ചുരുങ്ങിയത് 12 വയല്‍ വേണം. മരുന്നില്ലാതെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍.

ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് ചികിത്സ തുടര്‍ന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആറ് വയല്‍ ആഫോംടെറസിന്‍ എമല്‍ഷനും കണ്ണൂരിലെ ഗോഡൗണില്‍ നിന്ന് 20 വയല്‍ ആംഫോറെടസിനും എത്തിക്കുകയായിരുന്നു.

മരുന്ന് ലഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തങ്ങള്‍ സമീപിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അടക്കമുള്ളവയെ ദിവസങ്ങള്‍ക്ക് മുമ്പേ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരേയും മരുന്ന് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തതയില്ല. 

കഴിഞ്ഞ ആഴ്ചയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് ചികിത്സ തടസപ്പെട്ടിരുന്നു. അന്ന് ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമായിരുന്നു സ്റ്റോക്കില്ലാതിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!