സ്വർണ്ണക്കടത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; ശിവശങ്കർ വിഷയം ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം

By Web TeamFirst Published Jul 15, 2020, 1:14 PM IST
Highlights

സ്വപ്നാസുരേഷിനപ്പുറം കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്തുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി ശിവശങ്കര്‍ നേരിട്ട് ബന്ധപ്പെട്ടതിന്‍റെ തെളിവ് പുറത്ത് വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജിായവശ്യം പ്രതിപക്ഷം കടുപ്പിക്കുന്നത്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്  കേസില്‍ അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷം. രാജ്യത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയ മുഖ്യമന്ത്രി രാജി വച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള്ളക്കടത്ത് സംഘവുമായി നേരിട്ട് ബന്ധപ്പെടുന്ന മന്ത്രി കെ ടി ജലീല്‍ സ്ഥാനമൊഴിയണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇതിനിടെ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ശിവശങ്കര്‍ വിഷയം ചര്‍ച്ച ചെയ്തതേയില്ല.

സ്വപ്ന സുരേഷിനപ്പുറം കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്തുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി ശിവശങ്കര്‍ നേരിട്ട് ബന്ധപ്പെട്ടതിന്‍റെ തെളിവ് പുറത്ത് വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജിയാവശ്യം പ്രതിപക്ഷം കടുപ്പിക്കുന്നത്. ശിവശങ്കറിനെ സസ്പെൻഡ് ചെ്യത് അന്വേഷിക്കണമെന്ന് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വപ്നയുമായി വ്യക്തിബന്ധത്തിനപ്പുറം തെളിവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ സിബിഐ അന്വേഷണം നേരിടാന്‍ തയ്യാറുണ്ടോ എന്ന് പ്രതിപക്ഷം വെല്ലുവിളിച്ചു.

നേരത്തേ ചില തീവ്രവാദ സംഘടനകളുമായി മന്ത്രി ജലീലിന് ബന്ധമുണ്ടായിരുന്നെന്ന ആരോപണം ഓര്‍മിപ്പിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മന്ത്രിയുടെ രാജിയാവശ്യപ്പെടുന്നത്. കള്ളക്കടത്തുകാരുമായി ജലീലിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും. ഇനി നടപടിയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മന്ത്രിസഭായോഗത്തിന്‍റെ അജണ്ടയില്‍ ശിവശങ്കര്‍ വിഷയം ഉണ്ടായിരുന്നില്ല. ആരും ഒന്നും പറഞഞുമില്ല. അതിനാല്‍ തന്നെ ചര്‍ച്ചയായില്ല. ഇന്നലത്തെ ചോദ്യം ചെയ്യല്‍ സാധാരണ നടപടിക്രമമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

മന്ത്രിസഭായോഗം നടന്നു കൊണ്ടിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധിച്ചു. സെക്രട്ടേറിയേറ്റിന്‍റെ മതില്‍ ചാടിക്കടന്ന് അവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ താഴെയെത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 

click me!