Latest Videos

കൈമാറിയത് ഭക്ഷ്യധാന്യക്കിറ്റോ അതോ സ്വർണക്കിറ്റോ; ജലീലിനെതിരെ കെ സുരേന്ദ്രൻ

By Web TeamFirst Published Jul 15, 2020, 12:57 PM IST
Highlights

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്.  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സരിത്തിനെ എന്തിന് വിളിക്കണം.

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെ ടി ജലീൽ നൽകുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. 

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്.  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സരിത്തിനെ എന്തിന് വിളിക്കണം. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ മന്ത്രി സംസാരിക്കുന്നില്ല എന്നതിന് എന്താണുറപ്പ്. ഇതിനു മുൻപും ജലീൽ സ്വപ്നയെ വിളിച്ചതിന് തെളിവ് വരുന്നുണ്ട്. ആരെയാണ് ജലീൽ കബളിപ്പിക്കുന്നത്?

ലോക് ഡൗൺ കാലത്താണ് ഏറ്റവുമധികം കിറ്റുകൾ കൊടുത്തത്. ജലീൽ വിശ്വാസിയാണെങ്കിൽ സക്കാത്തിനെയൊക്കെ മോശമാക്കുന്നത്  എന്തിനാണ് ? ജലീൽ പറഞ്ഞതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജലീലിൻ്റെ വാർത്ത സമ്മേളനത്തിലും നാടകീയതയുണ്ട്. മന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്തുകാർ എത്തി.

തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളാണ് ജലീൽ. എൻഐഎ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിനാണെന്ന് വ്യക്തമാവും. എന്ത് കൊണ്ട് ഇത്രയും ദിവസം സ്വപ്നയെ തനിക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

കഴിഞ്ഞ രണ്ട് മാസത്തെ ഫോൺ കോൾ റെക്കോഡ് പുറത്ത് വിടാൻ ജലീലിന് ധൈര്യമുണ്ടോ? ഐഎഎസ് ഉദ്യോഗസ്ഥനെ ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്യുന്നത് കേരള ചരിത്രത്തിലാദ്യമായാണ്. സ്വർണക്കടത്ത് സംഘത്തിന് ഫ്ലാറ്റ് ബുക്ക് ചെയ്ത് കൊടുക്കുന്നതിൽ വരെ കാര്യങ്ങളെത്തി. ഇതെല്ലാം അസാധ്യമായ സാഹചര്യമാണ്. 

എല്ലാ പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ട്. സാധാരണ സൗഹൃദമല്ല ഇത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി തലത്തിലെ അന്വേഷണം പരിഹാസ്യമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരിൽ ഒന്നിലധികം മന്ത്രിമാരും നേതാക്കളും ഉൾപ്പെടും. സ്വപ്നയുമായി ബന്ധമുള്ള മന്ത്രിമാരും നേതാക്കളും വേറെയുമുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

click me!