അറംപറ്റി 'അവതാര' പ്രയോഗം; സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിരോധത്തിലായി പിണറായി

By Web TeamFirst Published Jul 7, 2020, 3:25 PM IST
Highlights

"ചില അവതാരങ്ങളുണ്ട് , അവരെ സൂക്ഷിക്കണം" എന്ന് പറഞ്ഞ പിണറായി മുഖ്യമന്ത്രിക്കസേരയിൽ നാല് വര്‍ഷം തികയ്ക്കുമ്പോൾ അതേ വിശ്വസ്തരെ കൊണ്ട് തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്. 

തിരുവനന്തപുരം: നിപയും തുടര്‍ച്ചയായി വന്ന പ്രളയവും പിന്നാലെ വന്ന കൊവിഡും കേരളത്തില്‍ പിടിമുറുക്കിയപ്പോൾ ആഗോളതലത്തിൽ വരെ ചര്‍ച്ചയായ പ്രതിരോധ മികവിൽ നിന്ന് കള്ളക്കടത്ത് കേസിന്‍റെ പുകമറയിലേക്ക് എടുത്തെറിയപ്പെട്ടതിന്‍റെ ഞെട്ടലിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് .

സ്പ്രിംക്ലര്‍ ഇടപാടും തുടര്‍ന്ന് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന ഇ മൊബിലിറ്റി കരാറും അടക്കം ആരോപണങ്ങളിൽ നിന്ന് കഷ്ടിച്ച് തടിയൂരി നിൽക്കുമ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസും അതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലും പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പും മുഖ്യമന്ത്രിയുടെ വിശ്വസ്തനും ആരോപണപ്പെരുമഴയിൽ നിൽക്കുന്പോൾ എങ്ങനെ പ്രതിരോധിക്കണമെന്ന തലവേദനയിലാണ് പിണറായി വിജയനും സിപിഎമ്മും ഇടത് മുന്നണിയും. 

തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുൻനിര്‍ത്തി തുടര്‍ഭരണ ചര്‍ച്ചകളും അതിനുള്ള നീക്കങ്ങളും ശക്തമാക്കുന്നതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ വരവ്. നിരായുധരായി നിന്ന പ്രതിപക്ഷം ഇതോടെ സര്‍വ്വ ശക്തിയുമെടുത്ത് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്. നാല് വര്‍ഷത്തെ ഭരണത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ആരോപണത്തെ നേരിടുന്ന പിണറായി വിജയനും പാര്‍ട്ടിയും ഇതോടെ കടുത്ത പ്രതിരോധത്തിലാണ്. 

"എന്റെ അടുത്ത ആളാണെന്ന് പറഞ്ഞ് രംഗപ്രവേശം ചെയ്താൽ അതും ഒരു അഴിമതിയാണ്. ഇത്തരം അവതാരങ്ങളെ നമ്മൾ എപ്പോഴും കരുതിയിരിക്കണം." എന്ന് മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുന്നതിന്‍റെ തൊട്ട് തലേന്ന് പറഞ്ഞ പിണറായി വിജയൻ അതേ അവതാരങ്ങളെ കൊണ്ട് പൊറുതിമുട്ടിയ കാഴ്ചയാണ് സ്വര്‍ണ്ണക്കടത്ത് കേസിലിപ്പോൾ.

സോളാര്‍ അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിന്ന ഉമ്മൻചാണ്ടി സര്‍ക്കാരിന് പകരം വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഇടത് സര്‍ക്കാറിന് സമാനമായ സാഹചര്യത്തിൽ തിരിച്ചടി നേരിടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര തലത്തിൽ മാനമുള്ള ഒരു ക്രിമിനൽ കേസ് അതും കേന്ദ്ര ഏജൻസികൾ അന്വേഷണ രംഗത്തുള്ളപ്പോൾ ആരോപണത്തിന്റെ നിഴലിലുള്ളത് മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഐടി സെക്രട്ടറിയാണ്. 

സ്പ്രിംക്ലര്‍ അടക്കമുള്ള ആരോപണങ്ങൾ വന്നപ്പോഴും ഐടി സെക്രട്ടറിയെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. പാര്‍ട്ടിയും മുന്നണിയും എതിരഭിപ്രായം പറഞ്ഞിട്ടും മുഖ്യമന്ത്രി കൂട്ടാക്കിയും ഇല്ല. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിൽ ക്രിമിനൽ കേസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തവും അതിൽ നിന്ന് പുറത്ത് കടക്കേണ്ട ബാധ്യതയും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ആയിരിക്കുകയും ചെയ്യും. 

 

click me!