രണ്ട് സംസ്ഥാനത്തും കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ; പ്രതികൾ ബെംഗലൂരുവിലേക്ക് കടന്നതെങ്ങിനെ?

By Web TeamFirst Published Jul 11, 2020, 10:32 PM IST
Highlights

കേരളത്തിലേക്ക് വരാൻ മാത്രമാണ് പാസ് നിർബന്ധമെന്നാണ് മറുവാദം ഉയരുന്നത്. സംസ്ഥാനം വിട്ട് പോകാൻ പോകേണ്ട സംസ്ഥാനത്തെ പാസ് മാത്രമാണ് ആവശ്യം

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബെംഗലൂരുവിൽ അറസ്റ്റിലായ പ്രധാന പ്രതികൾ സംസ്ഥാനം വിട്ടതെങ്ങിനെയെന്ന ചോദ്യം ശക്തമാകുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതികൾ, കടുത്ത നിയന്ത്രണമുള്ള ബെംഗലൂരുവിലേക്ക് എത്തിയത്.

കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ തിരുവനന്തപുരത്ത് നിയന്ത്രണം കർശനമാക്കിയിട്ട് ദിവസങ്ങളായി. സ്വർണ്ണക്കടത്ത് വൻ വിവാദമായ ശേഷമാണ് മുഖ്യപ്രതികളായ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടത്. പാലോട് ഭാഗത്തേക്ക് ചീറിപ്പാഞ്ഞ് പോയ ഇന്നോവ കാർ ഇവർ സഞ്ചരിച്ചതാണെന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനം വിടാൻ ഇവർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ബലപ്പെട്ടു.

കേരളത്തിലേക്ക് വരാൻ മാത്രമാണ് പാസ് നിർബന്ധമെന്നാണ് മറുവാദം ഉയരുന്നത്. സംസ്ഥാനം വിട്ട് പോകാൻ പോകേണ്ട സംസ്ഥാനത്തെ പാസ് മാത്രമാണ് ആവശ്യം. ഇത്തരത്തിൽ പാസ് നിർബന്ധമാക്കിയ സംസ്ഥാനമാണ് കർണ്ണാടകം. 

ബെംഗളൂരു നഗരത്തിൽ മാത്രം മൂവായിരത്തിലേറെ ക്വാറന്റൈൻ കേന്ദ്രങ്ങളുണ്ട്. ഇവിടേക്കാണ് കേരളത്തിൽ വലിയ ചർച്ചയായ കേസിലെ പ്രതികൾ കടന്നത്. കൊറമംഗലയിലെ സുധീന്ദ്ര റായ് എന്നയാളുടെ പേരിലുള്ള  ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. ഇരുവരെയും ഇന്ന് തന്നെ കൊറമംഗലയിലെ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കിയേക്കും. കർണ്ണാടകത്തിലേക്ക് കടക്കാൻ രജിസ്ട്രേഷനും 14 ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്.

കേരളത്തിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. അവസാന ഘട്ടത്തിൽ കർണ്ണാടക പൊലീസിന്റെ സഹായവും തേടിയിരുന്നു.

click me!