
കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറയാൻ തന്നെ നിർബന്ധിച്ചെന്ന് സന്ദീപ് നായർ കത്തിൽ പറയുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ഇഡി ശ്രമിക്കുന്നതായും കത്തിലുണ്ട്.
മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അവരെക്കുറിച്ച് അന്വേഷിച്ചില്ല, അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ നിർബന്ധിച്ചു.
കേസ് സംബന്ധിച്ച് ഇല്ലാ കഥകൾ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തൻറെ ജീവന് ഇഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്. ജയിൽ അധികൃതർ കത്ത് മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി.
അതേസമയം, പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. കസ്റ്റഡിയിൽ തുടരാൻ കോടതിയിൽ താല്പര്യം പ്രകടിപ്പിച്ച പ്രതിയാണ് സന്ദീപ് നായർ. പൊലീസുകാരും, പ്രതിയും ഇഡിയ്ക്കെതിരെ നൽകിയ മൊഴിയെക്കുറിച്ച് ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. സന്ദീപിന്റെ നീക്കത്തിന് പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam