
കൊച്ചി: യുഎഇ കോൺസുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്‍റ് ഓഫ് കോണ്ടാക്ട് താനായിരുന്നു എന്ന് എം ശിവശങ്കര്‍ എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴി പുറത്ത്. അതിനായി തന്നെ ചുമതലപ്പെടുത്തിയിരുന്നു എന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിന് ഒപ്പമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴി ഉള്ളത്.
2016 മുതൽ സർക്കാരും യുഎഇ കോൺസുലറ്റും തമ്മിൽ ഉള്ള പോയിന്‍റ് ഓഫ് കോൺടാക്ട് ആയിരുന്നു താനെന്ന് എം ശിവശങ്കര്‍ എൻഫോഴ്സ്മെന്‍റിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നത് പോലെ 2017 ക്ലിഫ് ഹൗസിൽ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓർമയില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴിയോട് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിക്കാൻ എം ശിവശങ്കർ തയ്യാറായിട്ടില്ല.
കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാൻ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാൽ ഇക്കാര്യത്തിൽ ഒരു സഹായവും സ്വപ്നക്ക് നൽകിയിട്ടില്ലെന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകിയിട്ടുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ അടക്കം ഇത്തരത്തിൽ കൊണ്ടുവരാറുണ്ടെന്നും അത് വിൽപ്പന നടത്താറുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാഘങ്ങൾ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയിൽ വിൽക്കുകയാണ് പതിവെന്നുമാണ് സ്വപ്ന പറഞ്ഞിരുന്നത്. "കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്" എന്ന കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്നും സ്വപ്ന അറിയിച്ചിരുന്നു. എന്നാൽ സ്വര്‍ണമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് ഒരു ഘട്ടത്തിലും പറയുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമാണ് എം ശിവശങ്കര്‍ വിശദീകരിക്കുന്നത്.
സ്വപ്നക്കൊപ്പം മൂന്ന് തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. റിബിൽഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നു. റെഡ് ക്രസന്‍റുമായി ഒരു തവണ ചര്‍ച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും എം ശിവശങ്കറിന്‍റെ മൊഴിയിലുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam