സ്വപ്ന സുരേഷിന്‍റെ സര്‍ട്ടിഫിക്കറ്റും വ്യാജം; അന്വേഷിക്കാതെ പൊലീസ്

By Web TeamFirst Published Jul 10, 2020, 2:45 PM IST
Highlights

ബികോം ബിരുദധാരിയെന്ന സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നൽകിയത്. മഹാരാഷ്ട്രയിലെ  ഒരു സർവ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നല്‍കിയത്.  ഇവിടെ ബികോം കോഴ്സേ ഇല്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന മറുപടി

തിരുവനന്തപുരം: ഐടി വകുപ്പിന് കീഴില്‍ നിയമനത്തിനായി സ്വപ്ന സുരേഷ് സമര്‍പ്പിച്ച രേഖകളും വ്യാജമെന്ന് റിപ്പോട്ട്. ബിരുദ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വ്യാജമാണെന്ന സൂചന കിട്ടിയിട്ടും പൊലീസ് അന്വേഷണം നടന്നിട്ടില്ല . ഐടി വകുപ്പിനു കീഴിലുളള സ്പേസ് പാര്‍ക്കിലെ ജോലിക്കായി സ്വപ്ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സംശയ നിഴലില്‍ നില്‍ക്കുന്നത്.

സ്പേസ് പാര്‍ക്കില്‍ ജോലി നേടാനായി ബെംഗലൂരു ആസ്ഥാനമായ വിഷന്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് സ്വപ്ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന സംശയം ഉയര്‍ന്നത്. എയര്‍ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്യുമ്പോൾ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ഡിപ്ലോമയും മാത്രം. തിരുവനന്തപുരത്തെ യുഎഇ  കോണ്‍സുലേറ്റില്‍ പ്രൈവറ്റ് സെക്രട്ടറിയായി  ജോലി നേടാന്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ രേഖകള്‍ എന്തെന്ന കാര്യം ഇപ്പോഴും അവ്യക്തവുമാണ്.  പക്ഷേ അവിടെ നിന്നും സ്പേസ് പാര്‍ക്കില്‍ ജോലിക്കെത്തിയപ്പോള്‍ ബികോം ബിരുദധാരിയെന്ന സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന സമര്‍പ്പിച്ചത്. 

മുംബൈ ആസ്ഥാനമായുളള ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നല്‍കിയത്. എന്നാല്‍ ഇവിടെ ബികോം കോഴ്സേ ഇല്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന മറുപടി. ഇതോടെയാണ് ജോലി നേടാന്‍ സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ സംശയ നിഴലിലാകുന്നത്.

എയര്‍ഇന്ത്യ സാറ്റ്സിലെ വ്യാജപരാതി കേസില്‍  സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. എയര്‍ഇന്ത്യ സാറ്റ്സില്‍ സമര്‍പ്പിച്ചിരിക്കുന്ന സിബിഎസ്ഇയുടെ സര്‍ട്ടിഫിക്കറ്റുിന്‍റെയും മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധികാരികത തേടി ക്രൈംബ്രാഞ്ച് അതാത് സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ഐടി വകുപ്പിലെ ഉന്നത തസ്തിക നേടാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന സംശയം ബലപ്പെട്ടിട്ടും ഇതേപറ്റി അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഇക്കാര്യം അന്വേഷിക്കണമെന്ന നിര്‍ദേശം സര്‍ക്കാരും  നല്‍കിയിട്ടില്ല.

അതേസമയം സ്വര്‍ണക്കടത്തില്‍ നിര്‍ണായകമായ കാര്‍ഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്‍റെ ക്യാമറയില്‍ ഇല്ല. കേസ് അന്വേഷണത്തിനായി കസ്റ്റംസ് ആവശ്യപ്പെട്ട ജനുവരി മുതലുളള സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ശംഖുമുഖത്തെ കാര്‍ഗോ കോംപ്ലക്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ എയര്‍പോര്‍ട്ടിന്‍റെ പരിസരത്തെ പൊലീസ്  ക്യാമറകളൊന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പേട്ടയിലുളള ഒരു ക്യാമറയിലെ ദൃശ്യങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് സഹോദരന്‍റെ വിവാഹ സല്‍ക്കാരത്തില്‍ നഗരത്തിലെ ഹോട്ടലില്‍ വച്ച് യുവാവിനെ സ്വപ്ന പിന്തുടര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

 

click me!