Latest Videos

'സ്വപ്ന സുരേഷ് അപരിചിതയല്ല, പുറത്തുവന്ന ഫോട്ടോ പഴയത്', സ്പീക്കർ പറയുന്നു

By Web TeamFirst Published Jul 7, 2020, 5:40 PM IST
Highlights

'യുഎഇ കോൺസുലേറ്റിന്‍റെ പ്രസ് സെക്രട്ടറി എന്ന നിലയിലാണ് അവരെ എനിക്ക് അറിയാവുന്നത്. ഒരു ഡിപ്ലോമാറ്റിന് നൽകുന്ന ബഹുമാനം ഞാൻ അവർക്കും നൽകിയിട്ടുണ്ട്. അവരുടെ പശ്ചാത്തലം ഞാൻ അന്വേഷിച്ചിട്ടില്ല, ഒരു രാജ്യത്തിന്‍റെ പ്രതിനിധിയായതിനാൽ സംശയിച്ചതുമില്ല'

പൊന്നാനി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗ് വഴി വൻ സ്വർണക്കടത്ത് കടത്തിയ കേസിലെ മുഖ്യആസൂത്രകയെന്ന് ആരോപണമുയർന്ന സ്വപ്ന സുരേഷിനെ അറിയാമായിരുന്നുവെന്ന് സ്പീക്കർ എം ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്തുള്ള കാർബൺ ഡോക്ടർ എന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്വപ്ന സുരേഷ് നേരിട്ടെത്തി ക്ഷണിച്ചിരുന്നു. കറയുള്ള കണ്ണുകൾ കൊണ്ട് നോക്കുമ്പോഴാണ് ആ ദൃശ്യങ്ങളിൽ പ്രശ്നം തോന്നുന്നതെന്നും സ്പീക്കർ.

അവരെ തനിക്ക് പരിചയം യുഎഇ കോൺസുലേറ്റിന്‍റെ പ്രതിനിധിയെന്ന നിലയിലാണ്. യുഎഇ കോൺസുലേറ്റിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന ഇവരാണ് യുഎഇ ദിനാഘോഷത്തിനും ഇഫ്താർ വിരുന്നിനും ക്ഷണിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധിയെന്ന നിലയിൽ ആ ബഹുമാനം അവ‍‍ർക്ക് നൽകിയിരുന്നു. ഡിപ്ലോമാറ്റാണെന്ന് കരുതിയതിനാൽ പശ്ചാത്തലം അന്വേഷിച്ചതുമില്ല. പ്രവാസികളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട ഡബിൾ വെരിഫിക്കേഷൻ സംബന്ധിച്ചുള്ള പല പ്രശ്നങ്ങൾക്കും മലയാളി ഉദ്യോഗസ്ഥയെന്ന നിലയിൽ അവരെ വിളിച്ചിരുന്നുവെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു.

കേസിൽ എല്ലാ തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, ലോകകേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുന്നു. 

''മൂന്ന് മാസം മുമ്പാണ് കാർബൺ ഡോക്ടർ എന്ന തിരുവനന്തപുരത്തെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപനം ഞാൻ ഉദ്ഘാടനം ചെയ്യുന്നത്. അത് ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് എന്നെ ക്ഷണിച്ചത് സ്വപ്ന സുരേഷാണ്. കാർബൺ വളരെ കുറച്ച് പുറത്തുവിടുന്ന പുതിയ തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ സ്റ്റാർട്ടപ്പാണെന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത്. രാവിലെ പത്ത് മണിക്കാണ് ചടങ്ങ് എന്നാണ് പറഞ്ഞത്. വളരെ നിർബന്ധിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. എന്നാൽ എനിക്ക് പോകാൻ പറ്റിയില്ല. പക്ഷേ ഉച്ചയ്ക്ക് ഒരു മണിയോടെ അവർ വിളിച്ച് ഈ ചെറുപ്പക്കാരന്‍റെ അമ്മ വിളക്ക് കൊളുത്താതെ കാത്തിരിക്കുകയാണെന്ന് പറഞ്ഞു. അതുകൊണ്ട് പോയി. പത്ത് പേർ പരമാവധി ആ ചടങ്ങിന് ഉണ്ടായിക്കാണും. അതിൽക്കൂടുതൽ ഇല്ല. ഇതിന്‍റെ അർത്ഥം ഞാൻ ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തു എന്നാണോ? അവരുടെ പശ്ചാത്തലവും സ്വർണക്കടത്തുമൊക്കെ പുതിയ അറിവാണ്. മറ്റൊരു രാജ്യത്തിന്‍റെ പ്രതിനിധി ആയതുകൊണ്ട് തന്നെ അവരെക്കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടില്ല. യുഎഇ കോൺസുലേറ്റിന്‍റെ പല പ്രധാനചടങ്ങുകൾക്കും ക്ഷണിച്ചിരുന്നതിനാൽ അവരെ സംശയിച്ചിട്ടുമില്ല'', ശ്രീരാമകൃഷ്ണൻ പറയുന്നു.

ലോകകേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും, ലോകകേരളസഭയിൽ ആരെല്ലാം പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെന്നും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും ചടങ്ങിൽ ലോകകേരളസഭയുമായി ബന്ധപ്പെട്ട് അവർ പങ്കെടുത്തിരിക്കാമെന്നും സ്പീക്കർ വ്യക്തമാക്കുന്നു. ഐടി വകുപ്പിൽ അവർക്ക് ജോലി കിട്ടിയതോ എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി കൊടുത്തതോ ആയി ബന്ധപ്പെട്ട് ഒന്നും തനിക്ക് അറിയില്ലെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറും സ്വപ്ന സുരേഷും പങ്കെടുത്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വളരെ പരിചയമുള്ള ആളോട് സംസാരിക്കുന്നത് പോലെയാണ് സ്പീക്കർ അവരോട് സംസാരിച്ചിരുന്നത്. അവർ അപരിചിതയല്ലെന്നും, യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ തനിക്ക് അവരെ പരിചയമുണ്ടെന്നുമാണ് സ്പീക്കർ ഇതിന് മറുപടിയായി പറയുന്നത്.

click me!