ശിവശങ്കറിനെ കാണാൻ ലൈഫ് മിഷൻ കരാറുകാരോട് കോൺസുൽ ജനറൽ ആവശ്യപ്പെട്ടെന്ന് ഇഡി, നിർണായകം

Published : Aug 18, 2020, 02:39 PM IST
ശിവശങ്കറിനെ കാണാൻ ലൈഫ് മിഷൻ കരാറുകാരോട് കോൺസുൽ ജനറൽ ആവശ്യപ്പെട്ടെന്ന് ഇഡി, നിർണായകം

Synopsis

മറ്റൊരു രാജ്യത്തെ കോൺസുൽ ജനറൽ ലൈഫ് മിഷൻ വഴി വീടുകൾ നിർമിച്ച് നൽകാൻ കരാർ നൽകിയ കമ്പനിയോട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ നിർദേശിച്ചത് എന്തിന് എന്ന ചോദ്യമാണുയരുന്നത്.

തിരുവനന്തപുരം/ കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെ കാണാൻ യുഎഇ കോൺസുൽ ജനറൽ നിർദേശിച്ചെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം, സ്വപ്നപ്രഭ സുരേഷ് ലോക്കറിൽ സൂക്ഷിച്ച സ്വർണം വിവാഹത്തിന് ശേഷം സൂക്ഷിച്ചതല്ലെന്നും ഇഡി വ്യക്തമാക്കി. സ്വപ്നയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ഇഡി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. 

കള്ളപ്പണം വെളുപ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവും എൻഫോഴ്സ്മെന്‍റിന്‍റെ പക്കലില്ല എന്നാണ് സ്വപ്ന സുരേഷ് വാദിച്ചത്. തന്‍റെ കക്ഷിക്ക് പണം തന്നവരുടെ പട്ടിക അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. ലോക്കറിലെ സ്വർണവും പണവും ഒരു കുറ്റകൃത്യത്തിലൂടെ നേടിയതല്ലെന്നും ഒരു കോടി രൂപ തന്‍റെ കക്ഷിക്ക് കമ്മീഷനായി തന്നെന്ന് യൂണിടാകും മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിലൂടെ നേടിയ പണമെന്ന് എൻഫോഴ്സ്മെന്‍റിന് തെളിയിക്കാനായിട്ടില്ലെന്നും സ്വപ്ന വാദിക്കുന്നു. 

600 പവനാണ് സ്വർണാഭരണമായി സൂക്ഷിച്ചിരുന്നത് എന്നാണ് സ്വപ്ന പറയുന്നത്. ഇത് തന്‍റെ മകളുടെ കല്യാണത്തിന് വേണ്ടി സൂക്ഷിച്ചതാണ്. തനിക്ക് വിവാഹസമയത്ത് കിട്ടിയ സ്വർണമടക്കം ഇതിലുണ്ട്. അത് എല്ലാ അമ്മമാരും ചെയ്യുന്നതാണെന്നും സ്വപ്ന. 

എന്നാൽ സ്വപ്നയുടെ കുറ്റം തെളിയിക്കാൻ കേസ് ഡയറിയിൽ വേണ്ടത്ര തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് വാദിക്കുന്നു. ഇത്രയും സ്വർണം വാങ്ങാനുള്ള സാമ്പത്തികശേഷി സ്വപ്നയ്ക്കില്ല. പിടിച്ചെടുത്തതെല്ലാം പുതിയ ആഭരണങ്ങളാണെന്ന് ഇഡി വ്യക്തമാക്കുന്നു. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി സൂചനയുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും ഇ ഡി വാദിച്ചു. 

ഇതുമായി ബന്ധപ്പെട്ടാണ് എം ശിവശങ്കറിന്‍റെ പേര് എൻഫോഴ്സ്മെന്‍റ് കോടതിയിൽ പരാമർശിച്ചത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമകളോട് ശിവശങ്കറിനെ കാണാൻ കോൺസുൽ ജനറൽ ആവശ്യപ്പെട്ടിരുന്നു. സ്വപ്നക്ക് പണം കൈമാറിയ ശേഷമാണിത്. സ്വപ്നയ്ക്ക് ഒരു കോടി രൂപയാണ് കമ്മീഷനായി നൽകിയത്. ഇതിന് ശേഷവും ശിവശങ്കറിനെ കാണാൻ എന്തിനാണ് കോൺസുൽ ജനറൽ നിർദേശിച്ചത്? ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്നും ഇഡി വ്യക്തമാക്കുന്നു.

യുഎഇയിൽ താൻ ഒരു സർക്കാർ യോഗത്തിലും പങ്കെടുത്തിട്ടില്ല എന്നും ശിവശങ്കർ സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്നതിന് സ്വപ്ന മറുപടിയായി പറയുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനെ കാണാനാണ് യുഎഇയിൽ പോയതെന്നാണ് സ്വപ്നയുടെ വാദം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ