
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയെന്നതിൻറെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുമായി തിരുവനന്തപുരം റൂറൽ എസ്പി. രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാരോപിച്ച് ഒരു ഡിവൈഎസ്പിക്കും 18 സിഐമാർക്കും എസ്പി കാരണം കാണിക്കൽ നോട്ടീസ് നൽകി. എസ്പിയുടെ നടപടിക്കെതിരെ സേനയിൽ പ്രതിഷേധം മുറുകുകയാണ്.
കൊവിഡ് പ്രതിരോധചുമതല പൊലീസിനെ ഏല്പിക്കുമ്പോൾ രോഗവ്യാപനം തടയാൻ രണ്ടാഴ്ചത്തെ സമയപരിധിയായിരുന്നു ചീഫ് സെക്രട്ടറി നൽകിയത്. ആ ഉത്തരവ് തന്നെ വിവാദമായിരിക്കെയാണ് സമയ പരിധി തീർന്നതിനൊപ്പം പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സമ്പർക്ക പട്ടിക തയ്യാറാക്കൽ, നിരീക്ഷണം ലംഘിക്കുന്നവരെ പിടികൂടൽ, നിയമലംഘകർക്കെതിരെ നടപടി എന്നീ ചുമതലകളായിരുന്നു പൊലീസിനെ ഏൽപ്പിച്ചത്. ഇതുകൂടാതെ ഓരോ സ്റ്റേഷനുകളിലും പെറ്റി കേസുകള്‍ക്ക് ക്വാട്ടയും നിശ്ചയിച്ചു. സമയപരിധി
തീർന്നിട്ടും രോഗവ്യാപനം കുതിച്ചുയരുകയാണ്. അതിനിടെയാണ് അതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന് വരുത്തിയുള്ള അച്ചടക്കനടപടി.
രോഗവ്യാപന നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഏറ്റവും അധികം കേസെടുത്ത തിരുവനന്തപുരം റൂറൽ പൊലീസിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് എന്നതും ശ്രദ്ധേയമാണ്. ഇന്നലെ മാത്രം ഈ ഇനത്തിൽ രജിസ്റ്റർ ചെയ്തതത് 745 കേസാണ്. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കും 18 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ് റൂറൽ എസ്പി നോട്ടീസ് നൽകിയത്. ഇൻഷുറസ് പരിരക്ഷയെന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം വ്യാപകമാകുമ്പോഴാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർക്ക് നോട്ടീസ് നൽകുന്നതെന്നാണ് സേനയിലെ ആക്ഷേപം. എന്നാൽ നോട്ടീസിനെ കുറിച്ച് പ്രതികരിക്കാൻ ഉന്നത ഉദ്യോഗസ്ഥരൊന്നും തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam