സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് വി മുരളീധരൻ

By Web TeamFirst Published Jul 8, 2020, 5:22 PM IST
Highlights

കേന്ദ്ര സര്‍ക്കാരിന് കീഴിലായത് കൊണ്ടാണ് സ്വര്‍ണ്ണക്കടത്തിലെ കള്ളക്കളികൾ പുറത്ത് വന്നത്. ഓഫീസിലെ ഉന്നത വ്യക്തിക്ക് ബന്ധമുണ്ടായിട്ടും കൈ കഴുകുന്ന നിലപാട് എടുത്തത് മുഖ്യമന്ത്രി

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്ര സര്‍ക്കാരിന് കീഴിലായത് കൊണ്ടാണ് സ്വര്‍ണ്ണക്കടത്തിലെ കള്ളക്കളികൾ പുറത്ത് വന്നത്. ഓഫീസിലെ ഉന്നത വ്യക്തിക്ക് ബന്ധമുണ്ടായിട്ടും കൈ കഴുകുന്ന നിലപാട് എടുത്തത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ദുരൂഹമാണെന്നും വി മുരളീധരൻ പ്രതികരിച്ചു. 

സ്വർണ്ണക്കടത്ത് കേസ് അതീവ ഗൗരവകരമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. ഇതിനു പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരും. വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ  കീഴിലായതുകൊണ്ടാണ് ഇവരെ പിടിച്ചത്. കസ്റ്റംസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ പറയുന്നതല്ല മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടത്. ഇതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞ് മാറാനാകില്ലെന്നും വി മുരളീധരൻ പറഞ്ഞു. 

ക്രൈം ബ്രാഞ്ചിന്റെ കീഴിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ സ്വപ്നയെ താൽകാലിക ജീവനക്കാരി നിയമിച്ചു എന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം. പ്രതികളെ സഹായിച്ചവരേയും അന്വേഷണ ഘട്ടത്തിൽ പുറത്ത് കൊണ്ട് വരും. കേസിൽ ഉൾപ്പെട്ടെയാളുകളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായി ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാകില്ലെന്നും വി മുരളീധരൻ വിമര്‍ശിച്ചു. 

കേസുമായി ബന്ധപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും  ഇടപെടലുകൾ നടന്നുവരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

click me!