ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് വിലക്കേർപ്പെടുത്തി മലബാർ ദേവസ്വം ബോർഡ്

By Web TeamFirst Published Jul 8, 2020, 5:19 PM IST
Highlights

ഭക്തർ കൂട്ടമായി എത്തുന്നതിനാൽ കൊവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതിരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്തേക്കാമെന്നതിനാലാണ് തീരുമാനം. 
 

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. കർക്കിടക വാവു പോലുള്ള വിശേഷ ദിവസങ്ങളിലെ ബലിതർപ്പണത്തിനാണ് സമ്പൂർണ്ണ വിലക്ക്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണർ വിലക്ക് ഏർപ്പെടുത്തിയത്. ഭക്തർ കൂട്ടമായി എത്തുന്നതിനാൽ കൊവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാതിരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്തേക്കാമെന്നതിനാലാണ് തീരുമാനം. 

അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിവാഹ ബുക്കിം​ഗ് പുനരാരംഭിക്കാൻ ​ഗുരുവായൂർ ക്ഷേത്ര ദേവസ്വം തീരുമാനിച്ചു. നാളെ മുതൽ വിവാഹബുക്കിം​ഗ് ആരംഭിക്കും. കൗണ്ടറിലും ഗുഗിൾ ഫോം വഴി ഓൺലൈനായും ബുക്കിം​ഗിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ മറ്റന്നാൾ  മുതൽ വിവാഹങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിവാഹങ്ങൾ വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വച്ച് നടത്തി കൊടുക്കുന്നതാണ്. ഒരു വിവാഹ സംഘത്തിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമേ നടത്തൂ എന്നും ​ഗുരുവായൂർ ദേവസ്വം അറിയിച്ചു. 

Read Also: സന്ദീപ് നായർ ബിജെപിക്കാരൻ, സിപിഎമ്മെന്ന വാദം തള്ളി തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

 

click me!