സ്വർണ്ണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെ, സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ടെന്ന് കാനം

By Web TeamFirst Published Jul 9, 2020, 4:40 PM IST
Highlights

ഡിപ്ലോമാറ്റിക് ബാഗിലാണ് സ്വർണ്ണം വന്നത്. വിമാനത്താവളത്തിൽ കസ്റ്റംസാണ് ഇക്കാര്യം പരിശോധിക്കേണ്ടത്. കൊച്ചിയിലും കരിപ്പൂരിലും കണ്ണൂരിലും കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി സ്വർണ്ണക്കടത്ത് പിടിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐക്ക് വിശ്വാസമുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധ വിമാനത്താവളങ്ങളിലൂടെ സ്വർണ്ണം കടത്തി. അത് കണ്ടെത്തേണ്ട ചുമതല കേന്ദ്ര ഏജൻസികൾക്കാണ്. കുറ്റക്കാരെ സംസ്ഥാന സർക്കാർ സഹായിച്ചാലേ പ്രശ്നമുള്ളൂ. സ്വർണ്ണം അയച്ചതാര്, ആർക്കയച്ചു എന്നതാണ് പ്രശ്നം. പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറ്റാരോപിതയായ ഒരാളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനാലാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്.

ഡിപ്ലോമാറ്റിക് ബാഗിലാണ് സ്വർണ്ണം വന്നത്. വിമാനത്താവളത്തിൽ കസ്റ്റംസാണ് ഇക്കാര്യം പരിശോധിക്കേണ്ടത്. കൊച്ചിയിലും കരിപ്പൂരിലും കണ്ണൂരിലും കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി സ്വർണ്ണക്കടത്ത് പിടിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുകയും കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും കസ്റ്റംസും കേന്ദ്ര ഏജൻസികളുമാണ്. അവർ ചുമതല നിർവഹിക്കണം. 

സ്പ്രിംക്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കണമെന്നും ഉത്തരവാദികളെ ചുമതലയിൽ നിന്ന് മാറ്റണമെന്നും ഏപ്രിൽ 20 ന് സിപിഐ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആ കാര്യത്തിൽ ഐടി സെക്രട്ടറിയെ മാറ്റണമെന്ന് അന്നേ ആവശ്യപ്പെട്ടതാണ്. സ്വർണ്ണക്കള്ളക്കടത്ത് നടത്തി രാജ്യദ്രോഹക്കുറ്റം ചെയ്തവരിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അപ്പോഴാണ് ഇത് ചര്‍ച്ച ചെയ്യേണ്ടത്. കുറ്റക്കാരുണ്ടെങ്കിൽ അവരെ സംസ്ഥാന സർക്കാർ സംരക്ഷിച്ചാൽ മാത്രമേ പ്രശ്നമുള്ളൂ. കുറ്റാരോപിതനെ ചുമതലയിൽ നിന്ന് നീക്കിയിട്ടുണ്ട്.

ഒരു കേസുണ്ടായാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിൽ രാഷ്ട്രീയപാർട്ടി അഭിപ്രായം പറയേണ്ടതില്ല. സോളാർ കേസിൽ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് അഭിപ്രായം പറഞ്ഞത്. സ്വർണ്ണക്കടത്തും സോളാറും രണ്ട് വ്യത്യസ്ത കേസുകളാണ്.

സ്വർണ്ണക്കടത്തിൽ ഏത് തരം അന്വേഷണത്തിനും സംസ്ഥാന സർക്കാർ തയ്യാറാണെന്ന് അറിയിച്ചതാണ്. ഏതന്വേഷണവും വരട്ടെയെന്ന് തന്നെയാണ് നിലപാട്. ഐടി സെക്രട്ടറിയെ നീക്കണമെന്ന് ആവശ്യപ്പെട്ടത് പഴയ കാര്യം. അത് കഴിഞ്ഞു. സിപിഎമ്മും സിപിഐയും ആശയവിനിമയം നടത്തിയാൽ അത് ജനങ്ങളോട് പറയണമെന്നില്ല. എൽഡിഎഫ് സർക്കാരിലും മുഖ്യമന്ത്രിയിലും സിപിഐക്ക് വിശ്വാസമുണ്ട്. സർക്കാരിന്റെ ഗ്രാഫ് എപ്പോഴും മുകളിലേക്ക് പോകണമെന്നില്ല. പ്രതിസന്ധികളുണ്ടാകുമ്പോൾ അത് മാറും. പെട്ടെന്ന് അത് മറികടക്കാനുള്ള കരുത്തും കഴിവും ജനപിന്തുണയും എൽഡിഎഫ് സർക്കാരിനുണ്ട്.

പല നിയമനങ്ങളെ കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. അതൊക്കെ സുതാര്യമാകണമെന്നാണ് സിപിഐയുടെ നിലപാട്. 1965 ലെ ചരിത്രം കോടിയേരി അൽപ്പം കൂടി വായിക്കണമെന്നാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി അക്കാര്യം വാർത്താ സമ്മേളനത്തിൽ പറയേണ്ടതില്ലായിരുന്നു. അദ്ദേഹം പഴയ പാർട്ടി സെക്രട്ടറിയോ പിബി അംഗമോ ആയിട്ടാണ് ആ പ്രതികരണം നടത്തിയതെന്ന് കരുതുന്നുവെന്നും കാനം പറഞ്ഞു.

click me!