സ്വര്‍ണ്ണക്കടത്ത് അന്വേഷണം: നയതന്ത്ര പരിരക്ഷ മുതലാക്കി അറ്റാഷെയും യുഎഇ കോണ്‍സുല്‍ ജനറലും

By Web TeamFirst Published Jul 8, 2021, 9:12 AM IST
Highlights

കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കേണ്ട ബാധ്യത ഇരുവര്‍ക്കുമില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇയുമായുള്ള നയതന്ത്ര ബന്ധം ഉലയാതിരിക്കാന്‍ കേസില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനിടയില്ല.
 

ദില്ലി: നയതന്ത്ര പരിരക്ഷ നിലനില്‍ക്കുന്നിടത്തോളം കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി യുഎഇ മുന്‍ കോണ്‍സുലേറ്റ് ജനറലോ, അറ്റാഷെയോ സഹകരിക്കാനിടയില്ല. കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കേണ്ട ബാധ്യത ഇരുവര്‍ക്കുമില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇയുമായുള്ള നയതന്ത്ര ബന്ധം ഉലയാതിരിക്കാന്‍ കേസില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനിടയില്ല.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം മറയാക്കി നടന്ന വലിയ കുറ്റകൃത്യത്തിൽ  പ്രതികളായ സ്വപ്നസുരേഷിന്‍റെയും, സരിത്തിന്‍റെയും മൊഴികളിലൂടെ അന്വേഷണം തിരുവനന്തപുരത്തെ യുഎഇ കോണ്‍സിലേറ്റിലേക്ക് തിരിഞ്ഞു. കേസ് രജിസ്ററര്‍ ചെയ്തതിന് പിന്നാലെ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും, അറ്റാഷേ റാഷിദ് ഖാമിസും, ചീഫ് അക്കൗണ്ന്‍റും രാജ്യം വിട്ടു. നടപടി വിവാദമായതോടെ നയതന്ത്ര പരിരക്ഷയുള്ളവരെ തടയാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തുടര്‍ന്ന് വിദേശ കാര്യമന്ത്രാലയം സംഭവം യുഎഇയുടെ ശ്രദ്ധയില്‍ പെടുത്തി. അന്വേഷണത്തോട് സഹകരിക്കാമെന്നും, അറ്റാഷേയുടെ നയതന്ത്രപരിരക്ഷ റദ്ദുചെയ്യുമെന്നുമുള്ള പ്രതികരണം ലഭിച്ചെങ്കിലും നാളിതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. മന്ത്രാലയത്തിന്‍റെ അനുമതിയോടെ ഏറ്റവുമൊടുവില്‍ കസ്റ്റംസ് കോണ്‍സുല്‍ ജനറല്‍ക്കും, അറ്റാഷെയ്ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കേണ്ട ഒരു ബാധ്യതയും ഇവര്‍ക്കില്ലെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമപരമായും ഇന്ത്യക്ക് നീങ്ങാന്‍ പരിമിതികളേറെയാണ്. കസ്റ്റംസാണ് ആ കേസ് അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് അവരോട് ചോദിക്കാം എന്നാണ് യുഎഇ സഹകരണം പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തോട് വിദേശകാര്യമന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചത് 

നയതന്ത്ര മാര്‍ഗത്തിലൂടെയാണ് ബാഗ് എത്തിയതെന്നിരിക്കേ യുഎഇ വിദേശ കാര്യമന്ത്രാലയത്തിന്‍റെ അനുമതിയുണ്ടാകുമെന്നത് വ്യക്തം. അങ്ങനെയെങ്കില്‍ ബാഗിലുണ്ടായിരുന്നത് എന്തായിരുന്നുവെന്നത് സംബന്ധിച്ച അറിവുണ്ടാകണം. ഇക്കാര്യം നിഷേധിച്ച യുഎഇ ഔദ്യോഗികാനുമതി നേടിയെടുത്ത ശേഷം തിരിമറി നടന്നോയെന്ന് പരിശോധിക്കുമെന്ന് ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ വിവരങ്ങള്‍ ഇല്ല.അന്വേഷണം എവിടെ എത്തി എന്നറിയാന്‍ ഇന്ത്യൻ ഏജൻസികൾ കാര്യമായി ശ്രമിച്ചതിന്റെ സൂചനയുമില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!