
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബിലാണ് എന്നതാണ് യു ഡി എഫ് കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുന്നത്. ഇവിടെ നിന്നുള്ള പരിശോധനാഫലം ഏപ്രില്‍ അവസാനത്തോടെ മാത്രമേ ലഭിക്കൂവെന്ന് എസ്‌ഐടി സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കേസ് മേയ് 18 -ലേക്ക് മാറ്റിയിരിക്കുകയാണ്. കേസ് നീട്ടിവച്ചത് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും താല്‍ക്കാലിക ആശ്വാസമാണ്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കില്‍ അത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകുമായിരുന്നുവെന്നാണ് യുഡിഎഫ് വിമര്‍ശനം. സിപിഎം-ബിജെപി ഡീല്‍ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യവും ചര്‍ച്ചയാവുന്നത്.
സ്വര്‍ണ്ണക്കൊള്ള കേസിലെ നിര്‍ണായക വിധി നേരത്തെ വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് കേസ് മെയ് 18-ലേക്ക് മാറ്റുകയായിരുന്നു. 45 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയാണ് പരിശോധന നടത്തുന്നത്. ഈ ലാബാണ് ഫലം വൈകുമെന്ന് എസ്‌ഐടിയെ അറിയിച്ചിട്ടുള്ളത്. ഫലം വൈകിപ്പിക്കുന്നതില്‍ കേന്ദ്രം മൗനം പാലിക്കുകയാണെന്നും റിപ്പോര്‍ട്ട് വൈകുന്നത് രാഷ്ട്രീയമായി ആരെയാണ് സഹായിക്കുകയെന്ന് തിരിച്ചറിയണമെന്നും യുഡിഎഫ് ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഎമ്മിനെ ഇത് പരോക്ഷമായി സഹായിക്കുമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരിശോധനാ ഫലം മന:പൂര്‍വ്വം വൈകിപ്പിക്കുകയാണോ എന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു. ഇതോടെ, തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കൊള്ള വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറയുകയാണ്. അതേസമയം ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടക്കമുള്ളവർ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് പാടി പ്രചാരണം നടത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam