
കണ്ണൂർ: എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന്റെ പരാതി പിആർഡി നൽകിയ സംഭവത്തിൽ പ്രതികരിച്ച് എൽഡിഎഫ് അഴീക്കോട് മണ്ഡലം സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ. പരാതി പ്രസിദ്ധീകരിക്കാൻ പിആർഡിയോട് ആവശ്യപ്പെട്ടിട്ടില്ല. യുഡിഎഫ് കെ വി സുമേഷിനെ നിരന്തരമായി വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടർക്കാണ് പരാതി നൽകിയത്. എന്നാൽ പരാതി പ്രസിദ്ധീകരിക്കാൻ പിആർഡിയോട് ആവശ്യപ്പെട്ടിരുന്നില്ല. നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ് ആവശ്യം. അതേസമയം പിആർഡി ഗ്രൂപ്പിൽ വന്ന പരാതി ഡിലീറ്റ് ചെയ്തിട്ടുണ്ട്.
കണ്ണൂരിൽ സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്‍റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. എന്നാൽ മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡി വിശദീകരിച്ചിരുന്നത്. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam