
തിരുവനന്തപുരം: വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി. പി എസ് സുപാൽ എംഎൽഎയ്ക്ക് നൽകിയ മറുപടിയിലാണ് ഭക്ഷ്യ വകുപ്പുമന്ത്രി ജി ആർ അനിൽ ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും.
തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഓണക്കാലത്ത് അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓരോ റേഷൻകാർഡിനും 20 കിലോഗ്രാം അരി 25 രൂപ വിലയ്ക്ക് നൽകിയിരുന്നു. ഇത് തുടർന്നും സപ്ലൈകോ വിൽപനശാലകൾ വഴി നൽകുന്നതാണെന്നും മന്ത്രി ഉറപ്പുനൽകി.
ഓണക്കാലത്ത് ഫലപ്രദമായി വിപണിയിൽ ഇടപെട്ട് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ എക്കാലത്തേയും പ്രതിദിന വിൽപ്പന റെക്കോഡ് മറികടന്നു. 56.73 ലക്ഷം കാർഡുടമകൾ സാധനങ്ങൾ കൈപ്പറ്റി. 386 കോടി രൂപയുടെ ആകെ വിറ്റുവരവ് ഉണ്ടായതിൽ 180 കോടി രൂപയുടെ സബ്സിഡി വില്പനയിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam